തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയെടുക്കുക നിയമോപദേശം തേടിയതിന് ശേഷമാകും.
വിവാദ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു എന്ന് വ്യക്തമാക്കി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവാദ ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താൽ ചോദ്യം ചെയ്യപ്പെടുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സർക്കാർ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തു. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
ചീഫ് വൈൽഡ് ലൈഫ് വാർഡനെക്കൂടാതെ വനം-ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൻ്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ വിശദീകരണം.