തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് (bus charge) പത്തുരൂപയാക്കാൻ ധാരണ.തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാർഥികളുടെ (students) യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടെങ്കിലും വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചിരുന്നു.ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ചാർജ് വർധനവിൽ അനുകൂല നിലപാട് എടുത്തതോടെയാണ് സമരം മാറ്റിവെച്ചത്.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപയാക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂർണമായി ഒഴിവാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ.