ദുബായ്: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയും കെ.എല്‍ രാഹുലുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. രോഹിത് 37 പന്തില്‍ 56 റണ്‍സെടുത്തു. 36 പന്തുകള്‍ നേരിട്ട രാഹുല്‍ 54 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. 25 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറര്‍.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ, ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ആദ്യമായി അവസരം കിട്ടിയ രാഹുൽ ചഹറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഷമിക്കും വിക്കറ്റ് ലഭിച്ചില്ല.
ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനോടും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും നേരിട്ട തോല്‍വികളാണ് ഇന്ത്യയ്ക്ക് വിനയായത്.