അഗര്‍ത്തല: യുഎപിഎ നിയമം ദുരുപയോഗം ചെയ്ത ത്രിപുര പോലീസിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവർത്തകരും അഭിഭാഷകരും. രണ്ട് ദിവസം മുന്‍പ് ‘മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന’ പോസ്റ്റുകളുടെ പേരിൽ 102 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ യുഎപിഎ ചുമത്തി ത്രിപുര പോലീസ് കേസെടുത്തിരുന്നു.
കേസെടുത്തവരിൽ മക്തൂബ് മീഡിയയുടെ മാധ്യമപ്രവർത്തകൻ മീർ ഫൈസൽ, ആഗോള ലേഖകൻ സിജെ വെർലെമാൻ, നാല് സുപ്രീം കോടതി അഭിഭാഷകർ എന്നിവരും ഉൾപ്പെടുന്നു.
“അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും മറ്റുള്ളവർക്കുമെതിരെ യുഎപിഎ ചുമത്തുന്നത് ഈ ക്രൂരമായ നിയമത്തിന്റെ ദുരുപയോഗമാണ്. ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ കവർന്നെടുക്കാനാണ് സർക്കാർ ഇത് ഉപയോഗിക്കുന്നത്,”- സുപ്രീം കോടതി അഭിഭാഷകൻ എഹ്തേഷാം ഹാഷ്മി ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റിനോട് പറഞ്ഞു.
ത്രിപുരയിൽ മുസ്ലീം സമുദായത്തിനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളിൽ വസ്തുതാന്വേഷണം ആരംഭിച്ച നാലംഗ അഭിഭാഷക സംഘത്തിന്റെ ഭാഗമായിരുന്നു ഹാഷ്മി.
“വസ്തുത കണ്ടെത്തൽ റിപ്പോർട്ടിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. തെളിവായി വീഡിയോകളും ഓഡിയോകളും ഫോട്ടോകളും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ സത്യവാങ്മൂലം സമർപ്പിക്കും. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,”- ഹാഷ്മി ദി ക്വിന്റിനോട് പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിനെതിരായ അക്രമങ്ങളെക്കുറിച്ചുള്ള സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളുടെ പേരിൽ നിരവധി എഴുത്തുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.