ചെന്നൈ: ചെന്നൈ ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് (Fathima latheef) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിൽ പിതാവ് അബ്ദുൽ ലത്തീഫിന് സിബിഐ നോട്ടീസ്. ഈ മാസം 11ന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരായി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താനാണ് സിബിഐ നോട്ടീസ് നൽകിയത്.
കേസിൽ സിബിഐ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് രക്ഷിതാക്കൾ രംഗത്തു വന്നതിനു പിന്നാലെയാണ് നോട്ടീസ്. സിബിഐ അന്വേഷണത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് ഫാത്തിമ ലത്തീഫിന്റെ പിതാവ് പറയുന്നത്.
എട്ടു മാസം മുൻപ് സിബിഐ അന്വേഷണ സംഘം കൊല്ലത്തെ വീട്ടിൽ വന്നുപോയതല്ലാതെ പിന്നീടൊന്നും ഉണ്ടായില്ല. മകളുടെ പ്രഫസറായിരുന്നയാൾ മൂന്നു മാസം മുൻപ് രാജിവച്ചിരുന്നു. ആരോപണവിധേയനായ അധ്യാപകൻ ഇപ്പോഴും ക്യാംപസിൽ ഉണ്ട്. ദുരൂഹതകൾ ഏറെയുള്ള കേസിൽ ഇനി ആരെയാണ് കാണേണ്ടതെന്നാണ് ലത്തീഫ് ചോദിച്ചിരുന്നു.
അതേസമയം, ഫാത്തിമയുടെ പിതാവ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വീണ്ടും പരാതി നൽകും. 13ന് മുൻപ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും കാണാനാണ് ലത്തീഫിന്റെ തീരുമാനം.
കൊല്ലം രണ്ടാംകുറ്റി സ്വദേശിനി ഫാത്തിമയെ 2019 നവംബർ ഒമ്പതിനാണ് ചെന്നൈ ഐഐടിയുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സിബിഐയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ഫത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. തമിഴ്നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നൽകിയിരുന്നു.