ദുബായ്: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരേ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നമീബിയയെ ബാറ്റിങ്ങിന് വിട്ടു. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചാഹര്‍ കളിക്കും.
ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാന മത്സരം കൂടിയാണിത്. ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമാണിത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്താന് ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷ അവസാനിച്ചിരുന്നു. ആദ്യ രണ്ടുമത്സരങ്ങളില്‍ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് അഫ്ഗാനിസ്താനെ 66 റണ്‍സിനും സ്കോട്ലന്ഡിനെ എട്ടു വിക്കറ്റിനും തോല്‍പ്പിച്ച് ഇന്ത്യ തിരിച്ചുവരവിന്റെ സൂചന നല്കി.
പക്ഷേ, ന്യൂസീലന്‍ഡ് നാലാം ജയം കുറിച്ച് എട്ടു പോയന്റില്‍ എത്തിയതോടെ ഇന്ത്യയുടെ എല്ലാ സാധ്യതയും അവസാനിച്ചു.