തിരുവനന്തപുരം: ഡോക്ടറേറ്റ് വിവാദത്തിൽ പുതിയ ന്യായികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. രണ്ട് തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഡോക്ടറേറ്റ് ലഭിച്ച സർവകാലാശാലയുടെ പേരും തിരുത്തി.ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലാണ് ഷാഹിദ കമാൽ പുതിയ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്.
കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. വിയറ്റ്നാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുന്‍നിലപാട്.സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ഓണററി ഡോക്ടറേറ്റാണിതെന്നാണ് വിശദീകരണം. തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പിഴവ് പറ്റിയെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.