കുവൈത്ത് സിറ്റി: ജോലിക്ക് നിന്ന് പ്രവാസി ജീവനക്കാരൻ (Expat employee) സ്വർണം കവർന്നെന്ന പരാതിയുമായി കടയുടമ. സാൽഹിയയിലെ ഒരു ജ്വല്ലറി ഷോപ്പ് ഉടമയായ (Jewelry shop owner) കുവൈത്തി പൗരനാണ് (Kuwaiti citizen) പരാതിയുമായി പൊലീസിനെ സമീപിച്ചത്.
തനിക്ക് കീഴിൽ ജോലി ചെയ്യുന്ന വിദേശി സ്ഥാപനത്തിൽ കൃത്രിമം കാണിച്ചുവെന്നും 90,000 ദിനാറിന്റെ (2.2 കോടിയിലധികം ഇന്ത്യൻ രൂപ) സ്വർണം കവർന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ആരോപണ വിധേയനായ വിദേശി യുവാവിനെ പൊലീസ് സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വിശ്വാസ വഞ്ചനയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാലിൽ ഖുർആൻ വചനങ്ങൾ പച്ചകുത്തിയതിന് അറസ്റ്റിലായ പ്രവാസി യുവതിയെ വിട്ടയച്ചു
കുവൈത്ത് സിറ്റി: കാലിൽ ഖുർആൻ വചനങ്ങൾ പച്ചകുത്തിയതിന് (tattooing Quranic verses) കുവൈത്തിൽ (Kuwait) അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചതെന്ന് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിൽ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രീട്ടീഷ് വനിതയാണ് (British woman) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
30 വയസിൽ താഴെ പ്രായമുള്ള യുവതിയെ കഴിഞ്ഞ ദിവസമാണ് കുവൈത്ത് പൊലീസ് താമസ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു കുവൈത്ത് സ്വദേശി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജ്യത്തെ ഒരു ആശുപത്രിയിൽ വെച്ച് താൻ കണ്ട വിദേശ വനിത ഖുർആൻ വചനങ്ങൾ കാലിൽ ടാറ്റൂ ചെയ്തിട്ടുണ്ടെന്നും ഇത് മതത്തിന്റെ പരിശുദ്ധിയെ അപമാനിക്കുന്നതാണെന്നും കാണിച്ചായിരുന്നു പരാതി.
തുടർന്ന് മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. യുവതിയെ കണ്ടെത്തുകയും താമസ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ രണ്ട് വർഷം മുമ്പ് നാട്ടിൽ നിന്നാണ് ടാറ്റൂ ചെയ്തതെന്നും അതിലുള്ള വാക്കുകൾ ഖുർആൻ വചനങ്ങളാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ടാറ്റൂ നീക്കം ചെയ്യാൻ താൻ തയ്യാറാണെന്നും യുവതി അറിയിക്കുകയായിരുന്നു. ഇതോടെ ഇത് സംബന്ധിച്ച ഉറപ്പ് ഒപ്പിട്ട് വാങ്ങിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.