ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാം റാങ്കുകാരനാണ് മാരുതി സുസുക്കി നിരത്തുകളിൽ എത്തിച്ചിട്ടുള്ള ബൊലേനൊ. മികച്ച സ്‌റ്റൈലിനൊപ്പം പുതുതലമുറ ഫീച്ചറുകളുമായി നിരത്ത് വാഴുന്ന ഈ വാഹനം ഒരു മുഖം മിനുക്കലിനൊരുങ്ങുന്നതായി സൂചന. അൽപ്പം മൂടിക്കെട്ടലുകളുമായി ഈ വാഹനം നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതോടെയാണ് ബൊലേനോ ഒരു മുഖംമിനുക്കലിനുള്ള ഒരുക്കത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്.
2015 ഒക്ടോബറിലാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം 2019-ലാണ് ഈ വാഹനം ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്. ആകർഷകമായ മാറ്റങ്ങൾ വരുത്തിയതിനൊപ്പം ന്യൂജനറേഷൻ ഫീച്ചറുകളുമായാണ് 2019-ൽ ബൊലേനൊ പുതുക്കി പണിതത്. രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു മുഖം മിനുക്കലിനൊരുങ്ങുമ്പോൾ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
മുഖം മിനുക്കലിലെ മാറ്റങ്ങൾ വെളിപ്പെടുത്താതെയാണ് ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. അതേസമയം, മുഖഭാവത്തിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ ഇത്തവണ വരുത്തുമെന്നാണ് സൂചന. പുതിയ ഗ്രില്ല്, ഡിസൈൻ മാറിയ ഹെഡ്‌ലാമ്പ്, ഇൽ.ഇ.ഡി. ഡി.ആർ.എൽ എന്നിവയാണ് മുഖഭാവത്തിലെ മാറ്റം. പുതിയ അലോയി വശങ്ങളിലും രൂപമാറ്റം വരുത്തിയിട്ടുള്ള ടെയ്ൽലാമ്പ് പിൻഭാഗത്തും പുതും ഒരുക്കുന്നുണ്ട്.
അകത്തളത്തിൽ വരുത്തിയുള്ള മാറ്റങ്ങൾ ദൃശ്യങ്ങൾ വ്യക്തമല്ല. നിലവിലെ മോഡലിൽ നൽകിയിട്ടുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ സ്‌ക്രീൻ നൽകിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ തുടങ്ങിയവ മുഖം മിനുക്കലിലും ഈ വാഹനത്തിൽ തുടരും. എതിരാളികൾക്ക് സമാനമായി കൂടുതൽ ഫീച്ചറുകൽ ബൊലേനൊയുടെ അകത്തളത്തിൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷകൾ. അടുത്ത വർഷത്തോടെയായിരിക്കും ഇത് അവതരിപ്പിക്കുക.
2022 ബൊലേനൊയിൽ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 1.2 ലിറ്റർ വി.വി.ടി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വി.വി.ടി. എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എൻജിനുകൾ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവർ ഉത്പാദിപ്പിക്കും. രണ്ട് എൻജിനിലും 113 എൻ.എം. ടോർക്കാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവലും, സി.വി.ടി. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.