തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ ജീവിതം വരച്ചുകാട്ടുന്ന ‘ഇതിഹാസം – ഉമ്മന്‍ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നവംബർ പത്തിന് വൈകിട്ട് അഞ്ചുമണിക്ക് തിരുവന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കും.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ വയലാർ രവി, പ്രശസ്ത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ആദ്യ കോപ്പി നല്കി പുസ്തകത്തിൻ്റെ പ്രകാശനം നിര്‍വഹിക്കും. രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക സാഹിത്യരംഗത്തെ പ്രമുഖര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിക്കുവേണ്ടി വീക്ഷണം പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.
നാനാതുറകളിലെ പ്രമുഖരായ വ്യക്തികൾ ഉമ്മന്‍ ചാണ്ടിയുമായുള്ള അവരുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുവെന്ന് വീക്ഷണം മാനേജിങ് ഡയറക്ടര്‍ ജയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോണിയ ഗാന്ധി, പിണറായി വിജയന് ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍ പുസ്തകം പുറത്തിറക്കുന്നുതിന് നിര്‍ലോഭമായ സഹകരണം നല്‍കിയെന്നും എല്ലാവര്ക്കും നന്ദിയര്പ്പിക്കുന്നവെന്നും ജയ്സണ്‍ ജോസഫ് പറഞ്ഞു.