എല്ലാവർഷവും നവംബർ ഏഴിനാണ് നവജാത ശിശു സംരക്ഷണദിനമായി ആചരിക്കുന്നത്. നവജാത ശിശുക്കളുടെ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മതിയായ പരിചരണത്തിലൂടെ അവരുടെ ജീവൻ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മതിയായ സംരക്ഷണവും പരിചരണവും കിട്ടാത്തതിനാൽ നവജാതശിശുക്കൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ ദിനത്തിലൂടെ.
2019-ൽ ജനിച്ച് ആദ്യമാസത്തിൽതന്നെ 24 ലക്ഷം കുഞ്ഞുങ്ങൾ മരിച്ചതായി ലോകാരോഗ്യസംഘടനയുടെ കണക്കുകളിൽ വ്യക്തമാക്കുന്നു. ഓരോ ദിവസവും 7000 നവജാത ശിശുക്കൾ മരണമടയുന്നു. ഇതിൽ മൂന്നിൽ ഒരുഭാഗവും ജനിച്ച അന്ന് തന്നെ മരണമടയുന്നു.
നവജാത ശിശുക്കളുടെ പരിചരണത്തിനായി നമ്മൾ ഏറ്റെടുക്കേണ്ടസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഈ ദിനമാചരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജനിച്ചതിനുശേഷം ലഭിക്കേണ്ട പരിചരണത്തിന്റെയും സുരക്ഷയുടെയും കുറവ് മൂലം കുഞ്ഞുങ്ങൾ ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുകയും വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു.
ആരോഗ്യ പരിചണത്തിലെ കുറവ് മൂലം മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ നവജാതശിശു മരണനിരക്ക് വളരെ കൂടുതലാണ്. 2018-ൽ ഇന്ത്യയിൽ 7,21,000 നവജാതശിശുക്കൾ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ശിശുമരണനിരക്ക് സംബന്ധിച്ചുളള റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് ഒരു ദിവസം ശരാശരി 1975 കുഞ്ഞുങ്ങൾ മരണപ്പെടുന്നു.
നവജാത ശിശു മരണങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അവയൊന്നും മരണനിരക്ക് കുറയ്ക്കുന്നതിന് ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.