അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവയ്പ്പ് നിഷേധിച്ച് പാകിസ്താന്. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത് അറിയില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. സംഭവത്തിൽ പാകിസ്താന് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഗുജറാത്ത് പോലീസ് കേസെടുത്തു.
ഗുജറാത്ത് സമുദ്ര അതിർത്തിയിൽ വെടിയേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അറിയില്ലെന്നാണ് പാകിസ്താൻ തീര സംരക്ഷണ സേനയുടെ വാദം. അതേസമയം സമുദ്രാതിർത്തി ലംഘിച്ചതിന് പത്മിനി കോപ്പ എന്ന ബോട്ട് കസ്റ്റഡിയിലുണ്ടെന്നും പാകിസ്താൻ അറിയിച്ചു.
ഗുജറാത്ത് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം അധികാരപരിധിയുള്ള പോര്‍ബന്ദര്‍ നവി ബന്ദര്‍ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ബോട്ടുകളിലായി അഞ്ച് പേര് വീതം തിരിച്ചറിയാത്ത പത്ത് പാകിസ്താന് മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടായ ‘ജല്‍പാരി’ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.