ഏവര്‍ക്കും മോഹമുള്ള വാഹനങ്ങളില്‍ ഒന്നാണ് ടൊയോട്ടയുടെ പ്രീമിയം വാഹനങ്ങള്‍. പ്രത്യേകിച്ച് ഇന്ത്യയിലെ സിനിമാ രംഗത്തുള്ളവര്‍ക്ക്.
മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും ശേഷം നടനും നിര്‍മാതാവുമായ വിജയ് ബാബുവും ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ആഢംബര “എംപിവി കാറായ വെല്‍ഫയര്‍” സ്വന്തമാക്കിയിരിക്കുകയാണ്.
ഫ്രൈഡേ ഫിലിം കമ്പനിയുടെ കീഴില്‍ ഒട്ടേറെ കിടിലന്‍ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച വ്യക്തിത്വവുമാണ് വിജയ് ബാബു.താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ “വീട്ടിലെ പുതിയ അഥിതി” എന്ന കുറിപ്പോടെ പുറംലോകത്തെ അറിയിച്ചത്.
മലയാള സിനിമാ താരങ്ങള്‍ക്കിടയിലെ മിന്നും താരമാണ് വെല്‍ഫയര്‍ എംപിവി. ഒരു കാരവന്‍ നല്‍കുന്ന എല്ലാ സുഖസൗകര്യങ്ങളും നല്‍കാന്‍ മോഡല്‍ പ്രാപ്‌തമാണ് എന്ന മിടുക്കാണ് താരങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായിരിക്കുന്നത്.
ഒരൊറ്റ വേരിയന്റില്‍ മാത്രം വിപണിയില്‍ എത്തുന്ന വെല്‍ഫയര്‍ ആഢംബര എംപിവിക്ക് കേരളത്തില്‍ 89.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ആഢംബരമാണ് ജാപ്പനീസ് നെപുണ്യമുള്ള വെല്‍ഫയറില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.
യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണെന്ന കാര്യവും ലക്ഷ്വറി ഫീല്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്നുണ്ട്.
4,935 മില്ലീമീറ്റര്‍ നീളവും 1,850 മില്ലീമീറ്റര്‍ വീതിയും 1,895 മില്ലീമീറ്റര്‍ ഉയരവും 3,000 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് ഈ ആഢംബര എംപിവിക്കുള്ളത്. രണ്ട് ഇലക്‌ട്രിക് മോട്ടോറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.
ഓരോ ആക്‌സിലിലും ഓരോ ഇലക്‌ട്രിക് മോട്ടോറുകളാണ് കമ്ബനി സജ്ജീകരിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് 4 വീല്‍ ഡ്രൈവ് സിസ്റ്റമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
വെല്‍ഫയറിന് 16.35 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ കഴിയുമെന്ന് ടൊയോട്ട പറയുന്നു. മൂന്നുവരി വെല്‍ഫയര്‍ എംപിവിയുടെ പ്രധാന ഫോക്കസ് മധ്യ നിരയിലാണ്. ആംറെസ്റ്റ് മൗണ്ട് ചെയ്ത വലിയ വ്യക്തിഗത സീറ്റുകളിലാണ് എത്തുന്നത്.
7 എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പനോരമിക് വ്യൂ മോണിറ്റര്‍, വെഹിക്കിള്‍ ഡൈനാമിക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകള്‍ ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വെല്‍ഫയറിന് നേരിട്ട് എതിരാളികള്‍ ഒന്നും തന്നെയില്ലെങ്കിലും മെര്‍സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മാറ്റുരയ്ക്കുന്നത്.