തിരുവനന്തപുരം: ഇന്ധന വില വർധനയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് എം വിൻസൻ്റ് എംഎൽഎ സൈക്കിളിൽ നിയമസഭയിലെത്തി. കോൺഗ്രസിൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധ സമരവും ഇന്നാണ്. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന് വരെയാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചിരുന്നു.
കൊച്ചിയിലെ ചക്രസ്തംഭന സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന് ഉദ്ഘാടനം ചെയിതു. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസ്സം ഉണ്ടാകില്ല. റോഡിൻ്റെ ഒരു ഭാഗത്ത് വാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.
പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണം എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍ഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളില്‍ വില കുറച്ചു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്.
ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വില കുറക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. വില കുറയ്ക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തത് രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം.