ഏറെ ആരാധകരുള്ള നോട്ട് സീരീസിന്റെ നിര്‍മാണം നിര്‍ത്തിയ “സാംസങ്” ഇപ്പോള്‍ അവരുടെ മടക്കാവുന്ന ഫോണുകള്‍ പരമാവധി വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്.ഈ വര്‍ഷം ആഗസ്തിലായിരുന്നു,സാംസങ്ങിൻറെ ഫ്ലാഗ്ഷിപ്പുകളായ ഗ്യാലക്സി Z ഫ്ലിപ് 3യും ഗ്യാലക്സി Z ഫോള്‍ഡ് 3യും അവതരിപ്പിച്ചത്.
അതിന്റെ ഭാഗമായി ആസ്ട്രേലിയയിലെ ഡോ. ഡെനിം എന്ന കമ്പനിയുമായി ചേര്‍ന്ന് സ്പെഷല്‍ എഡിഷന് ജീന്‍സ് പുറത്തിറക്കിയിരിക്കുകയാണ് കൊറിയന്‍ ഭീമന്. ‘Z ഫ്ലിപ് പോക്കറ്റ് ഡെനിം’ എന്നാണ് ജീന്‍സിന്റെ പേര്. Z ഫ്ലിപ് 3 എന്ന ഫോണ്‍ ‘ഫോള്‍ഡഡ് മോഡി’ല്‍ ഇട്ട് സൂക്ഷിക്കാനുള്ള ഒരു കൊച്ചുപോക്കറ്റുമായാണ് ജീന്‍സ് എത്തുന്നത്. അതാണ് ജീന്‍സിന്റെ ആകർഷണീയതയും.
അതേസമയം, ജീന്‍സിന് വേറൊരു പോക്കറ്റ് പോലുമില്ല എന്നത് പോരായ്മയാണ്. Z ഫ്ലിപ് 3 എന്ന ഫോണ്‍ മടക്കിവെച്ചാല്‍ ഒരു സാധാരണ ഫോണിന്റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവു. അത് സാധാരണ പാന്റുകളുടെ വലിയ പോക്കറ്റുകളിലിട്ടാല് തിരിച്ചെടുക്കല്‍ അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതില്ലാതാക്കാനാണ് സാംസങ് Z ഫ്ലിപ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായുള്ള ജീന്സുമായി എത്തുന്നത്.
അതുപോലെ തന്നെ, 83,097 രൂപ നല്കിയാല് മാത്രമേ Z ഫ്ലിപ് പോക്കറ്റ് ഡെനിം ജീന്‍സ് സ്വന്തമാക്കാന്‍ കഴിയൂ. ഞെട്ടാന്‍ വരട്ടെ, ജീന്‍സിന്റെ കൊച്ചുപോക്കറ്റില്‍ ഗ്യാലക്സി Z ഫ്ലിപ് 3 എന്ന ഫോണും ഉണ്ടായിരിക്കും. ഡോ. ഡെനിം എന്ന കമ്പനി ഇത്തരത്തിലുള്ള 450 ജോഡി ജീന്‍സുകള്‍ മാത്രമേ നിര്‍മിക്കുകയുള്ളൂ. അതിനാല്‍, Z ഫ്ലിപ് 3 എന്ന ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡോ. ഡെനിമിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോയാല്‍ ഒരു ജോടി ബെസ്പോക്ക് ജീന്‍സും സ്വന്തമാക്കാം.