കൊല്ലം: കേരളത്തിലെ പ്രമുഖപൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎല്ലിൽ, ടൈറ്റാനിയം ടെട്രാക്ലോറൈഡ് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ കാൽസൈൻഡ് പെട്രോളിയം കോക്കിന്റെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ ബോധപൂർവം വീഴ്ച വരുത്തിയത് വഴി വൻ നഷ്ടമുണ്ടായെന്നു ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദ ഓഡിറ്റ് റിപ്പോർട്ടിലാണ് നഷ്ടം വെളിപ്പെട്ടത്. ഇതിൻ പ്രകാരം മുൻവർഷങ്ങളിൽ കമ്പനി ലാഭമുണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച മൂലം സംഭവിച്ച നഷ്ടം ഇന്നത്തെ സാഹചര്യത്തിൽ കനത്തതാണ്.
ദിനംപ്രതി പ്ലാന്റുകളുടെ പ്രവർത്തനത്തിന് 40 മുതൽ 50 ടണ് വരെ പെട്രോളിയം കോക്ക് ആവശ്യമാണ്. നിശ്ചിത അളവ് വീതം ആവശ്യമനുസരിച്ച് എത്തിക്കാൻ സ്വകാര്യകമ്പനികൾക്കു നിർദേശം നൽകുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ജൂലൈയിൽ പെട്രോളിയം കോക്ക് യഥാസമയം ലഭ്യമാക്കുന്നതിൽ വീഴ്ച്ചയുണ്ടായത് മൂലം നിരവധി തവണ പ്ലാന്റുകളുടെ പ്രവർത്തനം നിർത്തി വയ്‌ക്കേണ്ടി വന്നു എന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി കൃത്യമായി പെട്രോളിയം കോക്ക് എത്തിക്കാൻ തയ്യാറായിരുന്നെങ്കിലും ഉദ്യോഗസ്‌ഥ തലത്തിലെ ഇടപെടൽ മൂലം ആ നീക്കം തടസ്സപ്പെടുകയാണ് ഉണ്ടായത്.
ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജനറൽ മാനേജരെ ആഭ്യന്തര അന്വേഷണത്തിന് മാനേജിങ് ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നു. ജനറൽ മാനേജരുടെ റിപ്പോർട്ടിലും ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവെച്ചിട്ടുണ്ട്. മെറ്റീരിയൽ, ഫിനാൻസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വൻ നഷ്ടത്തിന് ഇടയാക്കിയതെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. നിരവധി റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള കമ്പനികളെ സഹായിക്കാനാണ് സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതെന്നു നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്.
നഷ്ടം ഉണ്ടായതിനെ കുറിച്ചു അന്വേഷിക്കണമെന്ന് തൊഴിലാളി യൂണിയനുകൾ പരാതി നൽകിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം തീരുമാനിച്ചത്.