തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല (Mannuthy Agricultural university) ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മണ്ണൂത്തി കാർഷിക സർവ്വകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മഹേഷ്. ഒരാഴ്ച മുമ്പാണ് ക്യാമ്പസിലെത്തിയത്. ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം. ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ചിലർ ഇന്നലെ രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. ഇവർ പോയശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മഹേഷിന്റെ സഹപാഠികളും റാഗിംഗ് നടന്ന വിഷയം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മരണകാരണം റാഗിംഗ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മഹേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ റാഗിംഗ് സംബന്ധിച്ച് ആരോപണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ പൊലീസ് മേധാവി നല്‍കും. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നൽകി. ഇതിന് മുമ്പും റാഗിംങ്ങിൻ്റെ പേരിൽ ഇവിടെ പരാതികൾ ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
മഹേഷിന് നാട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യ ചെയ്യാനുളള കാരണങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും അറിവില്ല.