കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ (Thiruvambadi MLA) ലിന്റോ ജോസഫും (Linto Joseph) മുക്കം സ്വദേശിനി കെ അനുഷയും (K Anusha) വിവാഹിതരായി. എസ്എഫ്ഐ (SFI) കാലം മുതലുള്ള പരിചയവും പ്രണയവും ഒടുവില്‍ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ കുറഞ്ഞ ആളുകളെ ക്ഷണിച്ച് ലളിതമായിട്ടായിരുന്നു വിവാഹം.
ഊന്ന് വടിയില്‍ കതിര് മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ മുന്നോട്ടുള്ള വഴികളില്‍ കൂടെ കൂട്ടിയപ്പോള്‍ മുദ്രാവാക്യം വിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷിച്ചത്. 2019 ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടയില്‍ സംഭവിച്ച റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിന്റോയുടെ കാലിന് ഇപ്പോഴും ചികിത്സ തുടരുകയാണ്.
പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു.
തിരുവമ്പാടി എം.എല്‍.എയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ.