പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫാറൂഖ് കോളജിനു സമീപം കുന്നുമ്മല്‍ തടായില്‍ ഭരതന്റെ മകന് നിഖില്‍(28) ആണ് മരിച്ചത്.മൃതദേഹത്തിനു സമീപത്തുനിന്ന് മരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍, കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വി.സി.ഷെബീറി (27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 7.30ന് പറമ്പിനു സമീപം പശുവിനെ കെട്ടാന്‍ ചെന്ന സ്ത്രീയാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് പ്രദേശവാസികള്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു.കിട്ടിയ സിറിഞ്ച് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ പ്രദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഇയാളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് ഷബീറിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, നിഖിലിനെതിരെ തേഞ്ഞിപ്പലം, ഫറോക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി തുടങ്ങിയവയ്ക്ക് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു..പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ ഹണി കെ.ദാസ് പറഞ്ഞു. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്, ഫറോക്ക് സിഐ. ജി.ബാലചന്ദ്രന്, എസ്ഐമാരായ പി.ബാബുരാജ് എന്നിവരും സ്ഥലത്തെത്തി.