ചെന്നൈ: 2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ (Chennai) പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ (Heavy Rain) തുടർന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെങ്കൽപ്പെട്ട്, തിരുവല്ലൂർ, കാഞ്ജീപുരം, മധുരയ് എന്നീ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണം അഥോറിറ്റി പ്രവർത്തനം തുടങ്ങി. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുകയാണ്.
മഴ ശക്തമായതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളക്കെട്ടിലായതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിൽ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജലസംഭരണികളിൽ നിന്ന് ഉച്ചയോടെ വെള്ളം തുറന്നുവിടും. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകൻ പ്രദീപ് ജോൺ ട്വീറ്റ് ചെയ്തു.
രാത്രി എട്ടര മുതൽ പുലർച്ചെ അഞ്ച് മണി വരെ 14 സെന്റിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. വേലച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാർ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന്
പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 500 ക്യു സെക്സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.