കോട്ടയം: ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോട്ടയം എംജി സർവകലാശാലയ്ക്ക് മുന്നിൽ ജാതിവിവേചനം ആരോപിച്ച് നിരാഹാരസമരമിരിക്കുന്ന ദളിത് ഗവേഷണവിദ്യാർത്ഥിനി. പരാതിയുമായി ബന്ധപ്പെട്ട എസ്സി/ എസ്ടി കേസ് അട്ടിമറിച്ചത് സിപിഎം ഇടപെട്ടെന്നും ഗവേഷക ആരോപിക്കുന്നു. മന്ത്രി ആർ ബിന്ദു ഇതിന് കൂട്ടുനിൽക്കുകയാണ്. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഭാര്യയിൽ നിന്ന് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ദളിത് ഗവേഷകയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ അൽപസമയത്തിന് ശേഷം ഗവേഷക ഈ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ചില തിരുത്തുകളുണ്ടെന്നും, അതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നുമാണ് ഗവേഷകയുടെ വിശദീകരണം.
ഇന്ന് രാവിലെ വീണ്ടും സമരം പിൻവലിക്കണമെന്ന് മന്ത്രി ആർ ബിന്ദു ദളിത് ഗവേഷകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ മാറ്റാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിലാണ് ഗവേഷക. നാളിത് വരെ സിപിഎമ്മിനെ സംരക്ഷിച്ചത് സിപിഎമ്മാണെന്നും, സിപിഎമ്മിൻറെ ഫാസിസം മൂലം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാണെന്നും ഗവേഷക ആരോപിക്കുന്നു.