ഇടുക്കി: കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരാണോ എന്ന് സംശയിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിലെ വനം മന്ത്രി അറിയാതെ തമിഴ്നാടിന് മുല്ലപ്പെരിയാറിൽ മരംമുറിക്കുന്നതിന് അനുമതി നൽകിയതിലൂടെ വ്യക്തതമായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാടിൽ തുടക്കം മുതൽ ദുരൂഹത ഉണ്ടെന്നും ഡീൻ പറഞ്ഞു.
തമിഴ്നാട് മന്ത്രിമാർ മുല്ലപ്പെരിയാറിൽ വന്ന് പറഞ്ഞതിന് മൂന്നാം നാൾ മരം മുറിക്കുന്നതിന് നൽകിയ അനുമതി റദ്ദാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്നാടിന് അനുമതി നൽകിയ സംഭവത്തിൽ വിമർശനവുമായി പി.ജെ. ജോസഫ് അടക്കം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അനുമതി ഉടൻ റദ്ദാക്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ അനുമതി നൽകിയെന്ന് പറഞ്ഞ് കൈ കഴുകാനാവില്ലെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പി.ജെ. ജോസഫ് കുറ്റപ്പെടുത്തി.