ഡൽഹി: ദീപാവലി ആഘോഷത്തിനു പിന്നാലെ മലീമസമായ ഡൽഹിയുടെ ആകാശത്തെ വെളിപ്പിച്ചെടുക്കാൻ ടാങ്കറുകളിൽ ജലപ്രയോഗം. വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാൻ ഡൽഹി സർക്കാർ 114 ടാങ്കറുകളിലാണ് ജലം സ്പ്രേ ചെയ്യുന്നത്. സർക്കാർ നിർദേശം മറികടന്ന് പടക്കം പൊട്ടിച്ചതിനാൽ രാജ്യ തലസ്ഥാനത്ത് മൂന്നു ദിവസമായി വായുവിൻറെ ഗുണനിലവാര സൂചിക അപകടകരകമായ നിലയിൽ ഉയർന്നു നിൽക്കുകയാണ്.
ശനിയാഴ്ച ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ടാങ്കറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഉയർന്ന തോതിലുള്ള വായു മലിനീകരണം കുറക്കാൻ ആം ആദ്മി സർക്കാർ നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ മറികടന്ന് ജനം പടക്കം പൊട്ടിച്ചതാണ് വായു മലിനീകരണം ഉയരാനിടയാക്കിയത്. കൂടാതെ ഹരിയാന, പഞ്ചാബ് അതിർത്തികളിൽ വ്യാപകമായി വൈക്കോൽ കത്തിക്കുന്നതും ഡൽഹിയിൽ വായു മനിലീകരണത്തിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിച്ചതുമായി ബന്ധപ്പെട്ട് 7,500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.