തെന്നിന്ത്യൻ ഹൃദയത്തിന്റെ രാജ്ഞി (ക്വീൻ ഓഫ് ഹാർട്ട്സ് ) അനുഷ്ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് (നവം. 7) പ്രമുഖ ബാനറായ യുവി ക്രിയേഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിനെ നായികയാക്കി യുവി ക്രിയേഷൻസിന്റെ ഹാട്രിക് ചിത്രമാണ് ഇത്. # അനുഷ്ക48 എന്ന ഹാഷ് ടാഗോടെയാണ് പേരിടാത്ത ചിത്രത്തിന്റെ പ്രഖ്യാപനം മനോഹരമായ വീഡിയോയിലൂടെയാണ് നടത്തിയത്. മഹേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് യുവി ക്രിയേഷൻസാണ്.
യുവി ക്രിയേഷൻസിന്റെ ബാനറിൽ 2013 ൽ പുറത്തിറങ്ങിയ മിർച്ചി, 2018 ൽ ഭാഗ്മതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അനുഷ്ക അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചതെന്ന് നിർമാണ കമ്പനി വീഡിയോയിൽ പറയുന്നു. ഈ ചിത്രങ്ങൾക്ക് സമാനമായി പുതിയ ചിത്രവും എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒരുക്കാനാണ് യുവി ക്രിയേഷൻസിന്റെ തീരുമാനം. അനുഷ്കയുടെ ജന്മദിനത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനുഷ്കയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.