ഭോപാൽ: ജീവനക്കാർ ദീപാവലി ആഘോഷിക്കാൻ പോയതോടെ ആശുപത്രിയിലെ പ്രസവ വാർഡിൽ യുവതി ചികിത്സ കിട്ടാതെ മരിച്ചു. മധ്യ പ്രദേശിലെ സാഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
സംഭവത്തിൽ ഒരു നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ലോബർ റൂമിൻറെയും ഓപ്പറേഷൻ തിയറ്ററിൻറെയും ചുമതലയിൽനിന്ന് അഞ്ച് പേരെ നീക്കുകയും ചെയ്തു.
യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രവീന്ദ്ര മിശ്ര പറഞ്ഞു. ഭാര്യ പ്രസവിച്ചിരുന്നെന്നും തുടർന്ന് നൽകിയ ചില ഇൻജക്ഷനുകൾ കാരണമാണ് ഭാര്യ മരിച്ചതെന്നുമാണ് ഇദ്ദേഹത്തിൻറെ പരാതിയിൽ പറയുന്നത്.
പ്രസവ വാർഡിന് പുറത്ത് ജീവനക്കാർ പടക്കം പൊട്ടിച്ചും മറ്റും ദീപാവലി ആഘോഷമാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ വെച്ചാണ് 26കാരി മരിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.