കൊച്ചി ബിനാലെയില്‍ ഇടംപിടിച്ച ചിത്രങ്ങള്‍ കണ്ട് ബോളിവുഡില്‍ മനോഹരമായ കാമറ കാഴ്ചകള്‍ കാട്ടുന്ന പ്രശസ്ത ഛായാഗ്രാഹകന്‍ പി. കെ. മുരളീധരന് മകൾ കാർത്തിക.വരകളുടെയും നിറങ്ങളുടെയും ലോകത്ത് അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളികളിൽ എത്തിയ നടി കഥ പറയുകയാണ്.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സി.ഐ.എയിലും മമ്മൂട്ടിയുടെ അങ്കിള്‍ സിനിമയിലും നമ്മള് കണ്ട കാര്‍ത്തിക മുരളീധരന് ചിത്രകാരിയുടെ വേഷത്തിലും തിളങ്ങുകയാണ്.ജീവിതത്തിലേക്ക് നിറങ്ങളെത്തിയ വഴികൾ …….
ചിത്രകാരിയുടെ തിളക്കത്തില്‍ അഭിമാനനിമിഷത്തില്‍ മകള്‍.അച്ഛൻ മുരളീധരന്റെ വാക്കുകൾ, അപ്പോള്‍ അരികില്‍ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി. 267 കലാകാരന്മാരുടെ മൂവായിരം കലാസൃഷ്ടികള്‍
ആ കാഴ്ച കണ്ടു. കാഴ്ചക്കാരുടെ ഹൃദയത്തില്‍ ഇടം പിടിച്ചു കാര്‍ത്തികയുടെ ചിത്രങ്ങള്‍ . രണ്ടുവര്‍ഷത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം മുംബയ് യില്നിന്ന് കേരളത്തിലേക്കുള്ള വരവ് പുതിയ വിലാസം കൂടി സമ്മാനിച്ചതിന്റെ ആഹ്ളാദത്തില്‍ തമിഴിലും തെലുങ്കിലും നായികായി അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുന്നു. മൂന്നു വര്‍ഷത്തിനുശേഷം മലയാളത്തിലേക്കും.
സ്വപ്നമായ ബിനാലെ
അച്ഛന്റെ ഏറ്റുമാനൂരിലെ വീട്ടിലും അമ്മയുടെ ഏനാദിയിലെ വീട്ടിലും നാല് ഓണം ഉണ്ടായിരുന്നു ഈ പ്രാവശ്യം എനിക്ക്. നാട്ടില്‍ ഓണം ആഘോഷിക്കുക എന്നതു കൂടിയായിരുന്നു രണ്ടുവര്‍ഷത്തിനുശേഷമുള്ള വരവിന്റെ ഉദ്ദേശം.മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കുറച്ചുദിവസം ചെലവഴിച്ചു. ലോക് ഡൗണായതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രം കണ്ടു.കൊച്ചി മുസിരിസ് ബിനാലെയുടെ ’ലോകമേ തറവാട്” കലാപ്രദര്ശനത്തില് ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ബിനാലെയുടെ ഭാഗമാവുക എന്നത്. സമകാലിക ചിത്രകലാശയത്തെ അടിസ്ഥാനമാക്കി അഞ്ച് ചിത്രങ്ങളാണ് വരച്ചത്. മൂന്ന് ഡിജിറ്റല്‍ കൊളാഷും രണ്ട് ഡ്രോയിംഗും. കൂടുതല്ചിത്രങ്ങള്ഉള്പ്പെടുത്താന്ശ്രമിക്കേണ്ടതായിരുന്നു. ലോക്ക്ഡൗണില്‍ വരച്ചതാണ് ചിത്രങ്ങള്‍.
സൃഷ്ടി സ്കൂള്‍ ഒഫ് ആര്‍ട്സ് ഡിസൈന്‍ ആന്‍ഡ് ടെക്നോളജിയില്‍ കണ്ടംപററി ആര്‍ട് പ്രാക്ടീസ് ഡിഗ്രി കോഴ്സാണ് പഠിച്ചത്. ഇന്‍സ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും ചെയ്യുന്നുണ്ടായിരുന്നു. കോളേജിലും ഓണ്‍ലൈനിലും ചിത്ര പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെ പോലെ വലിയ വേദി ആദ്യമാണ്. ചിത്രം വരയ്ക്കുന്നവരാണ് ആര്‍ട്ടിസ്റ്റ് എന്നായിരുന്നു ധാരണ. എന്നാല്‍ എനിക്ക് ചിത്രം വരയ്ക്കാന്‍ അറിയില്ല. കോളേജില്‍ കൂട്ടുകാര്‍ വരയ്ക്കുമ്ബോള്‍ നോക്കിയിരിക്കും. വരയ്ക്കാന്‍ അറിയാത്ത ആറുപേരെ കൂട്ടുകാരായി ലഭിച്ചു. ഡിജിറ്റല്‍ കൊളാഷാണ് മാദ്ധ്യമം. ലാപ്ടോപ്പാണ് എന്റെ ചുവര്. കാഴ്ചയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞു. ആദ്യനോട്ടം അതിലും പ്രധാനം. അത് ഒരാളെ ആര്‍ട്ടിസ്റ്റാക്കി മാറ്റുന്നു. സംവദിക്കാന്‍ കഴിയുന്നതാവണം ഓരോ ചിത്രവും. എത്രയും നന്നായി പറയുകയും വേണം.ബിനാലെ തന്നത് പുതിയ അനുഭവം.
വീണ്ടും അരങ്ങില്‍
രണ്ടാംക്ലാസില്‍ പഠിക്കുമ്ബോഴാണ് ആദ്യ നാടകം. കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റ്സും അണിഞ്ഞ് ഈവിള്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. അരങ്ങ് അന്നുമുതല്‍ ഇഷ്ടമാണ്. ഗിരീഷ് കര്‍ണാടിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചു. മുംബയില്‍ ന്യൂ തിയേറ്റര്‍ കമ്ബനിയുടെ നിരവധി ഏകാങ്ക ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചു. ആദ്യവര്‍ഷം പഠിക്കുമ്ബോഴാണ് കോളേജില്‍ ’മണ്ഡലി” നാടക ഗ്രൂപ്പ് ആരംഭിച്ചത്. നാലുവര്‍ഷം മണ്ഡലിയുടെ ഭാഗമാവാന്‍ കഴിഞ്ഞു. അത് വേറൊരു ലോകം.കലയെ പ്രോത്സാഹിപ്പിക്കുന്ന സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ലഭിച്ചതാണ് ഭാഗ്യം. നാടകത്തിന്റെ ഭാഗമാകുന്ന എന്നെയാണ് അച്ഛന് ഇഷ്ടം. പാട്ടും നൃത്തവും ചേരുന്ന എന്നെയാണ് അമ്മയ്ക്ക് ഇഷ്ടം.കലയാണ് എന്നും എന്റെ മേഖല.പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ലാതെ എനിക്ക് വേണ്ടിയുള്ള ഇടം.വീണ്ടും നാടകത്തിന്റെ ഭാഗമാകാന്‍ പോവുന്നു. സൃഷ്ടിയിലെ പഠനം കഴിഞ്ഞപ്പോള്‍ ക്രിയാത്മകമായി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും തിരിച്ചറിയാന്‍ സാധിച്ചു.കാമറയുടെ പിന്നില്‍ നില്ക്കുന്നതും കല തന്നെയാണെന്ന് കരുതുന്നു. സംവിധാനം ഭാവിയില്‍ സംഭവിക്കും.കഠിനാദ്ധ്വാനവും ലക്ഷ്യവും ഉണ്ടെങ്കില്‍ മുന്നേറാന്‍ കഴിയും.ലോക് ഡൗണില്‍ വിരസത അകറ്റാനും സ്വയം സന്തോഷിപ്പിക്കാനും ഗ്രാഫിക് ഡിസൈനിംഗ് ചെയ്യാന്‍ സമയം കണ്ടെത്തി.ചെറിയ പോക്കറ്റ് മണി ലഭിച്ചു.
ഒഴുകി നടക്കാന്‍ ഇഷ്ടം
ഒരു ബാങ്കില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു വിരമിച്ച ബന്ധുക്കളെ അറിയാം. എന്നാല്‍ പുതുതലമുറ അങ്ങനെയല്ല.പലമേഖലയില്‍ ഒരേസമയം പ്രവര്‍ത്തിക്കാനാണ് അവര്‍ക്ക് താത്പര്യം.ഞാന്‍ ഒരു ബഹുമുഖ പ്രതിഭയാണെന്ന് കരുതുന്നു. സ്ഥിരമായ വളര്‍ച്ച ലക്ഷ്യമിടുന്നു. എപ്പോഴും ഒഴുകി നടക്കാനാണ് ഇഷ്ടം. ഓഫീസ് ജോലി പറ്റില്ല. കലയുടെ ഏതെങ്കിലും ഭാഗമായി നില്‍ക്കണം. സിനിമ മാത്രം ചെയ്യുമ്ബോള്‍ ചിത്രം വരയ്ക്കാനോ നാടകം അവതരിപ്പിക്കാനോ തോന്നും. ചിലദിവസം നൃത്തം ചെയ്യാനാണ് തോന്നുക. എല്ലായിടത്തും കാല്എടുത്ത് വച്ച് നില്‍ക്കുന്നത് ശരിയാണോ എന്നു മുന്‍പ് തോന്നിയിട്ടുണ്ട്. ആ ചിന്ത മാറി. എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സാധിക്കണം. അവിടെയാണ് എന്റെ മനസമാധാനം.’അങ്കിള്‍’ കഴിഞ്ഞു മലയാളത്തില്‍നിന്ന് അവസരം വന്നിരുന്നു. എന്നാല്‍ കോളേജില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമായതിനാല്‍ മാറി നില്ക്കാന് കഴിയാതെ വന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍. പഠനം കഴിഞ്ഞ് സിനിമ എന്ന തീരുമാനത്തില്‍ അവസാനം എത്തി. സിനിമാതാരം എന്ന നിലയില്‍ പ്രശസ്തയാവണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ വൈകാതെ വീണ്ടും വരും. ഈ വരവില്‍ അതിന്റെ കൂടിക്കാഴ്ചയും നടന്നു. നല്ല തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ചിലനേരത്ത് എനിക്കുപോലും അറിയാത്ത കാര്ത്തികയുണ്ട്. എപ്പോഴും സന്തോഷവതിയായി കഴിയാനാണ് താത്പര്യം.ഓരോ വര്‍ഷം പിന്നിടും തോറും ചെറുപ്പമാകുന്നുവെന്ന തോന്നല്‍. കോഴ്സ് കഴിഞ്ഞ് ഉടന്‍ ലോക് ഡൗണ്‍. അതിനുശേഷം വണ്ണം വച്ചു.
85ല്‍ നിന്ന് 60ലേക്ക്
രണ്ടുവര്‍ഷമായി വെയ്റ്റ് ലോസില്‍ ഉടക്കി കിടക്കുകയായിരുന്നു കരിയര്‍. പലപ്രാവശ്യം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നു. കോളേജില്‍ പഠിക്കുമ്ബോള്‍ ശരീരം വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ശരീരഭാരം 85 കിലോയില്‍ എത്തി.എന്നാല്‍ എനിക്ക് ഇഷ്ടമാണ് എന്റെ ശരീരം. ചുറ്റുമുള്ളവര്‍ക്ക് അത് പ്രശ്നമാണ്. അത് എന്നോടു വന്ന് പറയാന്‍ അവര്‍ ആഗ്രഹിക്കുന്നു. പറയാതെ ഇരിക്കാന്‍ കഴിയില്ല. എനിക്കോ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ കുഴപ്പമില്ല. സിനിമാ താരമായാല്‍ എന്തും വന്നു പറയാമെന്ന് ധാരണ പുലര്‍ത്തുന്നവരുണ്ട്. വണ്ണം കൂടിയാല്‍ എല്ലാവരും ശ്രദ്ധിക്കും. ’തടിച്ചി” എന്ന വിളി കുറെ കേട്ടു. ഞാന്‍ അവര്‍ക്ക് ഒരു മറുപടിയും കൊടുത്തില്ല. വണ്ണം കുറച്ചില്ലെങ്കില്‍ സിനിമ കിട്ടില്ല എന്നു കേട്ടു. അഭിനയിക്കാനറിയാം, വണ്ണം കുറയ്ക്കണമെന്ന ഉപദേശം നല്കി നഷ്ടപ്പെട്ട സിനിമയുണ്ട്. വിക്ടോറിയ സൂപ്പര്‍ മോഡല്‍ ആണ് എല്ലാവരുടെ സങ്കല്പത്തിലെ പെണ്ണ്. മുയലിനെ പോലെ ഭക്ഷണം കഴിക്കാന്‍ എനിക്ക് കഴിയില്ല. മുംബയില്‍ ജീവിക്കുന്ന ചോറും കൂട്ടാനും ഉച്ചയ്ക്ക് കഴിക്കുന്ന മലയാളിയാണ് ഞാന്‍. മനസിനെ പാകപ്പെടുത്തി ശരീരം നിലനിറുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു.