റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 42 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം (Saudi Health Ministry) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തുണ്ടായ ഒരു മരണം മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ കൊവിഡ് ബാധിച്ച് ഗുരുതര അവസ്ഥയില്‍ കഴിയുന്നത് 52 പേർ മാത്രമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ മറ്റ് കൊവിഡ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
രാജ്യത്ത് നിലവിലെ രോഗബാധിതരിൽ 33 പേർ കൂടി സുഖം പ്രാപിച്ചു. വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,890 ആയി. ഇതിൽ 5,37,794 പേരും സുഖം പ്രാപിച്ചു. ആകെ 8,803 പേരാണ് മരിച്ചത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.