തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളിൽ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിക്കാതെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ. ഇന്ന് ചേർന്ന സിപിഎം (CPIM) സംസ്ഥാന സമിതി യോഗത്തിലാണ് ഇദ്ദേഹത്തിനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ല. അമ്പലപ്പുഴയിൽ വോട്ട് കുറഞ്ഞിട്ടില്ല മറിച്ച് വോട്ട് കുറഞ്ഞത്ത് ആലപ്പുഴയിലാണെന്നും ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ ജി സുധാകരൻ ചൂണ്ടിക്കാട്ടി.
അതേസമയം പാർട്ടി അച്ചടക്ക നടപടിയിൽ ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എകെജി സെന്ററിന് മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറായില്ല. മൈക്കുകൾ തട്ടിമാറ്റി മുന്നോട്ടുപോവുകയായിരുന്നു. എ.കെ.ജി സെന്ററില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന സുധാകരന് ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല.
‘ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു’- ഗസ്റ്റ്ഹൗസിലെത്തിയ മാധ്യമങ്ങളോട് ജി. സുധാകരന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരന് നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരന് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സി.പി. എം ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്.
അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്.