തൃശ്ശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രാദേശിക തലത്തിൽ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മുഖേനയായിരിക്കും ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുക. കേരളത്തിലെ 14 ജില്ലകളിൽ തിരഞ്ഞെടുത്ത 300 ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ കൈപ്പുസ്തക പ്രകാശനം നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ നിർവഹിച്ചു. പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസനം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വിജയം കൈവരിക്കുന്നതിനും ഈ കൈപുസ്തകം സഹായിക്കും. ബുദ്ധിപരമായ വായ്പയെടുക്കൽ, വായ്പയിലെ അച്ചടക്കം, കടക്കെണിയിൽനിന്നും വിജയം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഹ്രസ്വ വീഡിയോകളും ചടങ്ങിൽ പ്രകാശനം ചെയ്തു.
“മണ്ണുത്തിയിൽ നിന്നും ആരംഭിച്ച് രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഇസാഫ് ജനനന്മയ്ക്കായി സംഘടിപ്പിക്കുന്ന പദ്ധതികൾ ഏറെ പ്രശംസനീയമാണ്. ശ്രദ്ധേയമായൊരു മുന്നേറ്റത്തിലേക്കുള്ള കാൽവെപ്പാണ് നബാർഡിന്റെ സഹകരണത്തോടെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതി.” എന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു.
നടത്തറ ഹമാര ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ചെയർ പ്രൊഫസർ ഡോ. അജിത് കാളി യത്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, മടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ. വി. സജു, അഡ്വ. ജോസഫ് ടാജറ്റ്, പി. എസ്. വിനയൻ, ലീഡ് ജില്ലാ മാനേജർ അനിൽ കുമാർ, നബാർഡ് ജില്ലാ വികസന മാനേജർ സെബിൻ ടി. ആന്റണി, നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ആർ. രെജിത്ത് എന്നിവർ സംസാരിച്ചു.