ദുബൈ: ദീപങ്ങളുടെ ഉത്സവമായ ദീപാവലി(Diwali) ഗംഭീരമായി ആഘോഷിച്ച് യുഎഇയിലെ(UAE) ഇന്ത്യക്കാര്‍. ദുബൈയുടെ വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫയില്‍ ദീപാവലി ആശംസകള്‍ തെളിഞ്ഞു. എക്സ്പോ 2020 വേദി, ഗ്ലോബല്‍ വില്ലേജ്, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിപാടികള്‍ അരങ്ങേറി.
ലേസര്‍ ഷോ, ദുബൈ ഫൗണ്ടെയ്ന് ഷോ എന്നിവ ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷമാണ് ദുബൈയില്‍ നടന്നത്. ബ്ലൂ വാട്ടേഴ്സ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗവും നടത്തിയിരുന്നു. നവംബര്‍ നാല് മുതല്‍ ആറ് വരെ എക്സ്പോ വേദിയില്‍ സ്പെഷ്യല്‍ ദിവാലി ഷോ ക്രമീകരിച്ചിട്ടുണ്ട്. നിരവധി കലാപ്രകടനങ്ങളും സംഗീത പരിപാടികളും ദീപാവലി ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഒരുക്കിയിരുന്നു. എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘടിപ്പിച്ചത്.