ചിറയിൻകീഴ് : ചിറയിൻകീഴ് ആനത്തലവട്ടം കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി. ആണത്തലവട്ടത്തു പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മർദിച്ച കേസിൽ ഒളിവിലായത് ഭാര്യാസഹോദരനാണ്.ഇയാളെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പിടികൂടിയതായി സൂചന.
ആനത്തലവട്ടം ബീച്ച് റോഡിനു സമീപം ദീപ്തി കോട്ടേജിൽ ജോർജിന്റെയും വത്സലയുടെയും മകൻ ഡോ. ഡാനിഷ് ആണ് ഒളിവിലായിരുന്നത്. സഹോദരിയെ വിവാഹം ചെയ്ത മിഥുൻ മതം മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന് ഡാനിഷ് ക്രൂരമായി മർദിച്ചെന്നാണ് കേസ്.
ഞായറാഴ്ച രാവിലെ ബീച്ച് റോഡിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മിഥുൻ ഇപ്പോഴും മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. മിഥുന്റെ അമ്മ അംബിക നൽകിയ പരാതിയെ തുടർന്നാണ് ചിറയിൻകീഴ് പോലീസ് കേസെടുത്തത്. പട്ടികജാതി പീഡന നിരോധനപ്രകാരമാണ് കേസെന്ന് ചിറയിൻകീഴ് സി.ഐ. ജി.ബി.മുകേഷ് പറഞ്ഞു.
കേസിന് വഴിത്തിരിവായത് സി.സി.ടി.വി. ദൃശ്യമാണ്.മിഥുനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ഭാര്യ ദീപ്തിയാണ് പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയത്. ബീച്ച് റോഡിലെ ദീപ്തി കോട്ടേജെന്ന അവരുടെ കുടുംബവീട്ടിലെ ക്യാമറയിൽ പകർത്തിയവയാണത്. വീട്ടിലുള്ള എല്ലാപേരുടെയും മൊബൈൽ ഫോണുകളിൽ ക്യാമറാദൃശ്യങ്ങൾ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നതിനാലാണ് ദീപ്തിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. ദീപ്തിയെയും മിഥുനെയും ചിറയിൻകീഴിലെ പള്ളിയിൽ കൊണ്ടുപോയി മതം മാറാൻ ഡാനിഷ് നിർബന്ധിച്ചിരുന്നു. ഇരുവരും വിസമ്മതിച്ചതിനെ തുടർന്ന് അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞാണ് ഇവരെ ഡാനിഷിന്റെ വീടിനു മുന്നിലെത്തിച്ചത്.
മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന മിഥുൻ കൃഷ്ണന്റെ വീട് വനിതാ കമ്മിഷനംഗം ഷാഹിദാ കമാൽ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ചിറയിൻകീഴ് ആനത്തലവട്ടം എം.എ. നിവാസിലെത്തിയാണ് ഷാഹിദാ കമാൽ മിഥുനിന്റെ ഭാര്യ ദീപ്തിയേയും അമ്മ അംബികയേയും ആശ്വസിപ്പിച്ചത്. ഏറെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ വനിതാ കമ്മിഷൻ കാണുന്നതെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ഭർത്താവിനോട് മതം മാറണമെന്നാവശ്യപ്പെട്ടുവെന്ന് ദീപ്തി കമ്മിഷനോട് പരാതിയായി പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും ദീപ്തി കമ്മിഷനെ അറിയിച്ചു.