തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ പുതുതായി തുടങ്ങാൻ തീരുമാനിച്ച പഠന ഗവേഷണ വകുപ്പുകൾ മുഴുവൻ സയൻസ് വിഭാഗത്തിന് മാത്രമാക്കിയത് വിവാദമായിരിക്കുകയാണ്.കേരള സർവ്വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി സർവകശാലയെ ഒരു സയൻസ് സർവ്വകലാശാലയായി മാറ്റുന്നതിനാണ് അധികൃതരുടെ ശ്രമം.
കേരള സർവ്വകലാശാലയുടെ പാരമ്പര്യം അനുസരിച്ച് സയൻസ്, മാനവിക, സാമൂഹിക വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി സമൂഹത്തിൻറെ ഉന്നമനത്തിനായി ആവശ്യമുള്ള കോഴ്സുകൾ ആരംഭിച്ച് നടത്തിപോരലായിരുന്നു. എന്നാൽ നിലവിലെ വൈസ് ചാൻസലർ വന്നതോടെയാണ് അതിന് ഒരു മാറ്റം വന്നു തുടങ്ങിയത്. എൻ.ഐ.ആർ.എഫ്. പോലുള്ള റാങ്കുകൾക്ക് പരിഗണിക്കുന്നത് സയൻസ് വിഭാഗത്തിലുള്ള സർവകലാശാലയുടെ മികവ് ആണ് എന്നതാണ് പ്രധാനമായും പറയുന്ന കാരണം. എന്നാൽ ഓരോ സാർവ്വകലാശാലയും സ്ഥാപിച്ചിട്ടുള്ളത് അതാത് കാലഘട്ടത്തിലെ ആവശ്യങ്ങൾക്ക് അനുസരിച്ചും സാമൂഹിക ചുറ്റുപാടുകൾക്ക് അനുസരിച്ചും ആണ്. കേരള സർവകലാശാലയുടെ സ്ഥാപിത ലക്ഷ്യം എൻ.ഐ.ആർ.എഫ്. പോലുള്ള റാങ്കിങ് ഏജൻസികളെ ബോധ്യപ്പെടുത്തുന്നതിന് പകരം ചെരുപ്പിനൊത്ത് കാൽ മുറിക്കുന്ന രീതിയാണ് ഇന്ന് ചെയ്യുന്നത്.
സയൻസ് വിഷയങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി പുതിയ സയൻസ് പഠന വകുപ്പുകൾ മാത്രം ആരംഭിക്കുന്നത് പുനർ വിചിന്തനത്തിന് വിദേയമാക്കുകയും സമൂഹത്തിലെ എല്ലാത്തരം മാനവിക സാമൂഹിക വിഷയങ്ങൾക്കും ഒരു തരത്തിലുള്ള അവഗണനയും വരാത്ത രീതിയിൽ അവയ്ക്ക് കൂടി പ്രാധിനിത്യം നല്കണം എന്നതാണ് ആവശ്യം.