തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണ നിലവാരം കുറഞ്ഞതും അപകടസാദ്ധ്യതയുള്ളതുമായ വ്യാജ ഡീസൽ സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഇന്ധനക്കമ്പനി പ്രതിനിധികളുമായി ഗതാഗത വകുപ്പുമന്ത്രി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
വ്യവസായാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസൽ വാഹനങ്ങളിൽ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടുത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് നടപടി. ഇന്ധന വിലയിലെ ചെറിയ ലാഭം മുന്നിൽ കണ്ടുള്ള വാഹന ഉടമകളുടെ ഈ പ്രവൃത്തി മൂലം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണറോട് മന്ത്രി ആന്റണി രാജു നിർദ്ദേശിച്ചു.
വ്യാജ ഡീസലുപയോഗിക്കുന്ന പ്രദേശങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഡീസലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ഇന്ധനക്കമ്പനികളുടെ സംവിധാനം നൽകുന്നതുൾപ്പെടെയുള്ള സഹകരണം കമ്പനി പ്രതിനിധികൾ വാഗ്ദാനം ചെയ്തു. യാത്രക്കാർക്ക് അപകടകരമായ ഇത്തരം പ്രവൃത്തികളിൽ നിന്ന് ഡ്രൈവർമാരും വാഹന ഉടമകളും പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ എം. ആർ. അജിത് കുമാർ ഐപിഎസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe