ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസീലൻഡ് ടീമിൽ അജാസ് പട്ടേൽ, വിൽ സോമർവിൽ, മിച്ചൽ സാൻ്റ്നർ,രചിൻ രവീന്ദ്ര ഉൾപ്പെടെ നാല് സ്പിന്നർമാർ.പാർട്ട് ടൈംസ് പിന്നർ ഗ്ലെൻ ഫിലിപ്സിനും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം, പേസർ ട്രെൻ്റ് ബോൾട്ടും ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോമും പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്നാണറിയുന്നത്. ബയോബബിളിൽ കഴിയാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും പിന്മാറ്റം.
നവംബർ 25, ഡിസംബർ 3 തീയതികളിലാണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസീലൻഡ് ടി-20, ടെസ്റ്റ് പരമ്പരകൾക്കായാണ് ഇന്ത്യയിലെത്തുക.
നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.ഈ മാസം 17ന് ടി-20 പരമ്പരയോടെ അവരുടെ പര്യടനം ആരംഭിക്കും. ഇതോടെ രാഹുൽ ദ്രാവിഡാവും ഇന്ത്യൻ ടീം പരിശീലകൻ. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.
ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്.
ടി-20 ലോകകപ്പോടെ കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നതിനാൽ രോഹിത് ആവും ടീം ക്യാപ്റ്റൻ. രോഹിതിനും വിശ്രമം അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല. അതേസമയം, രോഹിതിനും വിശ്രമം അനുവദിച്ച് ലോകേഷ് രാഹുലിൻ്റെ ക്യാപ്റ്റൻസിയിൽ ടീമിനെ ഒരുക്കുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വാർത്ത.