ദുല്‍ഖറിന്റെ (Dulquer) ‘കുറുപ്പ്’ (Kurupu) എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലര്‍ (Kurupu trailer) പുറത്തുവിട്ടിരിക്കുകയാണ്.ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്.
2.08 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിരവധി ഗെറ്റപ്പിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ശോഭിത ധുലിപാലയാണ് നായികയാവുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്റര്ടെയ്ന്മെന്റ്സും ചേർന്നാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.