ദോഹ: 2022 ഫിഫ ലോകകപ്പിന്റെ കിക്കോഫ് വേദിയും അൽഖോറിലെ വിസ്മയങ്ങളുടെ കൂടാരവുമായ അൽ ബെയ്ത് സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 30 മുതൽ ഡിസംബർ 18 വരെ നീളുന്ന പ്രഥമ ഫിഫ പാൻ അറബ് കപ്പ് മത്സരങ്ങളോട് അനുബന്ധിച്ചാണ് ഉദ്ഘാടനം.
അറബ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ ഫൈനൽ, ലൂസേഴേസ് ഫൈനൽ മത്സരങ്ങളും ഇവിടെ നടക്കും. എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഏറ്റവും ആകർഷണവും പൈതൃക സമ്പന്നമായ ഇവിടം ആഡംബരങ്ങളുടെ പറുദീസയാണ്. ലോകകപ്പിന്റെ ഉദ്ഘാടനം മുതൽ സെമിഫൈനൽ വരെ നടക്കുന്ന, 60,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം പൈതൃകവും സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും കോർത്തിണക്കിയാണ് നിർമിച്ചിരിക്കുന്നത്. പരമ്പരാഗത അറബ് ഗോത്രവിഭാഗങ്ങളുടെ കൂടാരമായ ബെയ്ത് അൽ ഷാറിന്റെ മാതൃകയിലുള്ള അതിമനോഹരമായ സ്റ്റേഡിയത്തിന് അകത്തും പുറത്തും വിസ്മയ കാഴ്ചകൾ ഒട്ടേറെ.
ഉളളിലേക്ക് മടക്കിവ യ്ക്കാവുന്ന മേൽക്കൂര, തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലുള്ള ശീതീകരണ സംവിധാനം എന്നിവയുമുണ്ട്. ആധുനികതയും അറബ്, ഖത്തർ പൈതൃകവും ആതിഥേയ പാരമ്പര്യവും പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ഇന്റീരിയർ ആണ് സ്റ്റേഡിയത്തിന്റെ അകംകാഴ്ചകളുടെ പ്രത്യേകത. സ്റ്റേഡിയത്തിന്റെ മുകളിലായി ബാൽക്കണിയോട് ചേർന്ന് അതിഥികൾക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ആഡംബര മുറികളുണ്ട്. 14 ലക്ഷം ചതുരശ്ര മീറ്ററിലുള്ള, ലോകത്തിലെ ഏറ്റവും വലിയ കായിക പദ്ധതികളിലൊന്നാണ് അൽ ബെയ്ത്. ചെറു കുന്നിന്റെ മുകളിലാണ് സ്റ്റേഡിയമെന്ന പ്രതീതി ജനിപ്പിച്ചാണ് നിർമാണം.
പ്രധാന പ്രവേശന കവാടത്തിലേക്കുള്ള പാതയും മനോഹരമാണ്. സ്റ്റേഡിയത്തിന് ചുറ്റുമായി 4 ലക്ഷം ചതുരശ്രമീറ്ററിൽ കാണികൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി പച്ചപ്പ് നിറഞ്ഞ മനോഹരമായ പാർക്കും നാല് കൃത്രിമ തടാകങ്ങളും കാൽനട, സൈക്കിൾ പാതകളും കളിസ്ഥലവുമെല്ലാമുണ്ട്. പാർക്ക് 2020 ഫെബ്രുവരിയിൽ ദേശീയ കായിക ദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. ടൂർണമെന്റിന് ശേഷം സ്റ്റേഡിയത്തിന്റെ പകുതിയിലേറെ സീറ്റും അവികസിത രാജ്യങ്ങളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകും. സ്റ്റേഡിയത്തിന്റെ മുകൾ ഭാഗത്തിന് രൂപം മാറ്റം നൽകി വിനോദ, ഷോപ്പിങ് കേന്ദ്രമാക്കി മാറ്റും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe