അതൊരു കാലം പൊൻ കാലം !
ഇതും 1975 ൽ നടന്ന സംഭവമാണ്. പ്രമുഖ ചലച്ചിത്ര നടൻ നരേന്ദ്രപ്രസാദ് അന്ന് കോളേജ് അദ്ധ്യാപകനാണ്. നിരൂപകൻ എന്ന നിലയിൽ കത്തി നിൽക്കുന്നു. കേരളകൗമുദി വാരാന്ത്യ പതിപ്പിൽ അക്കാലത്ത് നരേന്ദ്രപ്രസാദും പി.കേശവദേവും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. കലാകാകൗമുദി വാരിക തുടങ്ങിയിട്ടില്ല. എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ്.ബാബുവുമാണ് പത്രാധിപന്മാർ. കേരളകൗമുദിയുടെ ഞായറാഴ്ചപ്പതിപ്പ് ഉയരത്തിൽ നില്ക്കുന്ന കാലമായിരുന്നു അത്. ആധുനികതയുടെ വരവാണെങ്ങും. വിശേഷിച്ച് സാഹിത്യത്തിൽ.
വാരാന്ത്യപ്പതിപ്പിൻ്റെ ഒരു ലക്കത്തിൽ ആധുനികരെ മുഴുവൻ അടച്ചാക്ഷേപിച്ചു കൊണ്ട് പി.കേശവദേവ് ലേഖനം എഴുതും. അതിന് മറുപടിയായി അടുത്ത ലക്കത്തിൽ നരേന്ദ്രപ്രസാദിൻ്റെ ആഗ്നേയാസ്ത്രം… അതിനടുത്ത ലക്കത്തിൽ പി.കേശവദേവിൻ്റെ പാശുപതാസ്ത്രം….ഇപ്പോൾ ആലോചിക്കുമ്പോൾ എം.മുകുന്ദൻ പ്രഭൃതികളുടെ ആ കാലുംതലയുമുറക്കാത്ത സാഹിത്യത്തിനു വേണ്ടിയായിരുന്നല്ലോ നരേന്ദ്രപ്രസാദ് ആവനാഴിയിലെ അസ്ത്രം മുഴുവൻ വൃഥാവിലാക്കിയത്.! കഷ്ടമായിപ്പോയി.
അങ്ങനെ യുദ്ധം മുറുകി. അന്ന് സ്റ്റാറായിരുന്നു നരേന്ദ്രപ്രസാദ്. പിൽക്കാലത്ത് തൊട്ടിപ്പടങ്ങളിൽ നായകൻ്റെയും വില്ലൻ്റെയും ഇടി ഇരന്ന് വാങ്ങുന്ന നരേന്ദ്രപ്രസാദിനെ ഓർത്ത് സഹതപിച്ചിട്ടുണ്ട്. എല്ലാ പ്രസംഗവേദികളിലും ആ കാരസൗഷ്ഠവം കൊണ്ടും വാഗ്മിത കൊണ്ടും അദ്ദേഹത്തോട് ആർക്കും ആരാധന തോന്നുമായിരുന്നു. കെ.പി.അപ്പനും വി രാജകൃഷ്ണനും ഒക്കെ അപ്പാവികളാണ്. വല്ലതും എഴുതും എന്നല്ലാതെ പോരടിക്കാൻ നരേന്ദ്രപ്രസാദ് തന്നെ വേണം. ഇന്നത്തെ “പുക്കസ”ക്കാർക്കറിയില്ല കമ്മ്യൂണിസ്റ്റ് സാഹിത്യത്തിന് വേണ്ടി നരേന്ദ്രപ്രസാദ് ഒഴുക്കിയ വിയർപ്പ് അല്ല ചോര!. അന്ന് ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ സാഹിത്യ സമ്മേളനങ്ങളിൽ നവ മാർക്സിസ്റ്റ് സൗന്ദര്യ ദർശനത്തിലധിഷ്ഠിതമായ സാഹിത്യ വ്യാഖ്യാനത്തിൽ മുന്നിൽ നിന്നത് നരേന്ദ്രപ്രസാദും ബി.രാജീവനുമായിരുന്നു.
അക്കാലത്ത് നരേന്ദ്രപ്രസാദ് നാടകത്തിലേക്ക് തിരിഞ്ഞിട്ടില്ല. “അലഞ്ഞവർ അന്വേഷിച്ചവർ” എന്നൊരു നോവൽ കാക്കനാടനേയും മുകുന്ദനെയും അനുകരിച്ച് എഴുതി എം.ടി. പത്രാധിപരായി രുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധപ്പെടുത്തി. ആ നോവൽ പിൽക്കാലത്ത് ‘ആധുനികത മരിച്ചു “എന്ന് അദ്ദേഹം ലേഖനം എഴുതിക്കൊണ്ട് പിൻവലിക്കുകയുമുണ്ടായി. “ആധുനികതയുടെ ചുവന്ന വാൽ” എന്ന പ്രബന്ധം എഴുതി കമ്യൂണിസത്തോടും സലാം പറഞ്ഞു നാടകത്തിൽ മുഴുകി; നരേന്ദ്രപ്രസാദ്.
അതൊക്കെ സംഭവിക്കുന്നതിൽ മുൻപാണ് സംഭവം. തിരുവനന്തപുരത്ത് രണ്ട് ചെറു പൈതങ്ങളുമായി ഭാര്യയോടൊപ്പം നരേന്ദ്രപ്രസാദ് താമസിച്ചത് അമ്പലംമുക്കിൽ ഞങ്ങളുടെ വീടിന് എതിരെയാണ്. അതായത് ഇപ്പോഴത്തെ സാന്ത്വന ഹോസ്പിറ്റലിൻ്റെ പിന്നിലെ വഴിക്ക് വലതുവശം. അതിനിപ്പുറത്ത് അന്നൊരു വിറക് കടയാണ്. അവിടെ ഒരു തുള്ളൽക്കാരിയുണ്ടായിരുന്നു..പ്രശ്നം വയ്പും ഫലംപറച്ചിലും അജ്ഞാത ഭാഷയിൽ ഉറക്കെയുള്ള ജല്പനങ്ങളും…. സന്ധ്യ കഴിഞ്ഞു അവിടെ നിന്ന് കേൾക്കാം.
ഇടക്ക് ചില വൈകുന്നേരങ്ങളിൽനരേന്ദ്രപ്രസാദും ഭാര്യ നന്ദയും കൂടി അമ്പലംമുക്കിലേക്കൊരു നടപ്പുണ്ട്. അതൊരു കാഴ്ച തന്നയാണ്. എന്തൊരു ചേർച്ച. അനൽപ്പമായ സൗന്ദര്യമായിരുന്നു ഭാര്യക്കും. മക്കളാണ്ടെങ്കിൽ തുടുതുടേ ഇരിക്കും തങ്കക്കുടങ്ങൾ!. അക്കാലത്ത് ഞാൻ സാഹിത്യത്തിൻ്റെ ആറ്റിൽ മുങ്ങിക്കുളിയും നീന്തൽ പഠനവുമായി കരയ്ക്കു കയറാത്ത കാലമാണ്. ആർട്ട്സ് കോളേജിലെ അദ്ധ്യാപകനാണ് അദ്ദേഹം. പ്രൊ.എം.കൃഷ്ണൽ നായർ സാഹിത്യത്തിൽ എന്നെ മാമോദിസ മുക്കിയെങ്കിലും നരേന്ദ്രപ്രസാദാണ് എൻ്റെ വളർച്ചയുടെ വഴികാട്ടി.
എൻ്റെ ആദർശപുരുഷൻ!.
ഞാൻ അദ്ദേഹത്തിൻ്റെ ആ വീട്ടിൽ തന്നെ.വൈകുന്നേരമാകുമ്പോൾ റോഡ് മുറിച്ച് ആ വീട്ടിൽ ഓടിക്കേറും. പിന്നെ അവിടുന്ന് വരുമ്പോൾ രാത്രിയാവും. വീട്ടിലും സമ്മതമായിരുന്നു.
അന്നത്തെ താരപദവിയുള്ള എഴുത്തകാരെല്ലാം നരേന്ദ്രപ്രസാദിൻ്റെ വീട്ടിൽ വരും. ഒ.വി.വിജയനേയും കാക്കനാടനെയും കൗമാരക്കാരനായ ഞാൻ കാണുന്നതും പരിചയമാവുന്നതും അവിടെ വച്ചാണ്. ലോക കമ്പോളത്തിൽ വരുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുമായി അടുപ്പമുണ്ടാകുന്നതും അവിടെ വച്ചാണ്. പുസ്തകം തന്നു വിടും. വായിച്ചു മടക്കിക്കൊടുക്കുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കും. കഥയും കഥാപാത്രങ്ങളുമായുള്ള ബന്ധം.ആകർഷിച്ച മുഹൂർത്തം… വായിച്ചെന്ന് കള്ളം പറയാൻ പറ്റില്ല. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു അദ്ദേഹം. പുസ്തകം വായിക്കാനുള്ള ഇംഗ്ലീഷ് ഉറപ്പിച്ച് പഠിപ്പിച്ചതും നരേന്ദ്രപ്രസാദായിരുന്നു.
അക്കാലത്താണ്. സന്ധ്യ കഴിഞ്ഞ് 7.30 മണിയാവും. ചപ്രത്തലമുടിയും കപ്പടാ മീശയും വിയർത്തജൂബയും തോളിൽ ഒരു സഞ്ചിയുമായി ഒരാൾ കയറി വന്നത്. ഒരു പ്രാകൃതൻ, കടമ്മനിട്ട രാമകൃഷ്ണൻ.! വന്നു കയറി കുറച്ചു കഴിഞ്ഞപ്പോൾ നന്ദ ചോദിച്ചു. “കഞ്ഞിയെടുക്കട്ടെ”. ഒരു മൂളൽ. ആവാമെന്ന്! ആ മൂളലിന് പോലും ഒരു വന്യത. കഞ്ഞി കൊണ്ടുവന്നു.നരേന്ദ്രപ്രസാദ് ഇരിക്കാറുള്ള ചാരുകസേരയിലിരുന്നാണ് കഞ്ഞി മുഴുവൻ കുടിച്ചത്. കൈയ്യും മുഖവും കഴുകി വന്ന് വീണ്ടും കസേരയിലിരുന്നു. ഒരു ഏമ്പക്കം തുടർന്ന് ദീർഘമായ ഒരു വളിവിടലും. എന്നിട്ട് മൂലയിൽ നിന്ന് എന്നെ നോക്കി ഒരു ചിരിയും. ഞാനും ചിരിച്ചു.
“ഇവനേതാ പ്രസാദേ …” “എഴുത്തുകാരനാ…” എന്ന് നരേന്ദ്രപ്രസാദ് പറഞ്ഞപ്പോൾ ഞാൻ ജ്ഞാനപീഠ ജേതാവിനെപ്പോലെ പറഞ്ഞു “എം.രാജീവ് കുമാർ.” അത് വകവയ്ക്കാതെ കടമ്മനിട്ട ഒരു ബീഡി കൊളുത്തി സഞ്ചിയിൽ തപ്പി ഒരു കടലാസുകെട്ടെടുത്തു. അടുത്ത വീട്ടിലെ തുള്ളക്കാരി അമ്മച്ചി ഫലം പറച്ചിൽ തകൃതിയായി നടത്തുന്നുണ്ട്. അജ്ഞാത ഭാഷയിൽ ഉച്ചത്തിൽ എന്തൊക്കയോ പറയുന്നതും കേൾക്കാം. കടമ്മനിട്ട കടലാസ്സ് നിവർത്തി. ശാന്തേ….. എന്നൊരു വിളി. ഞാൻ ഞെട്ടിപ്പോയി. ഉച്ചത്തിലാണ് വായന. എന്തൊരൊച്ചയായിരുന്നു.
തുള്ളൽക്കാരി അമ്മച്ചി തുള്ളൽ നിർത്തിയതാണോ അതോ താനേ നിന്നു പോയതോ? തുള്ളൽക്കാരിയുടെ ഒച്ച കേൾക്കാനില്ല. പശുവിൻ്റെ കാടിക്ക് വേണ്ടിയുള്ള അമറലും കേൾക്കാം. കടമ്മനിട്ടയുടെ “ശാന്ത ” കത്തിക്കയറുകയായിരുന്നു. ഇതെന്തൊരു കവിത എന്ന് ഞാനും. ഞാനതു വരെ വ്യത്യസ്തമായ കവിത ചൊല്ലൽ കേട്ടത് പുനലൂർ ബാലൻ ചൊല്ലിയാണ്. ഒരു വടക്കൻ പാട്ടും കോട്ടയിലെ പാട്ടുമൊക്കെ എഴുപതുകളുടെ മദ്ധ്യാഹ്നത്തിലും ആലാപനം കൊണ്ട് ജ്വലിച്ചു നിന്ന കവിതകളാണ്. ഇത് അത് മാതിരിയൊന്നുമല്ലല്ലോ ഞാൻ വാ പൊളിച്ച് നിന്നു പോയി. പിന്നീട് രണ്ട് കൊല്ലം കഴിഞ്ഞാണ് കലാ കൗമുദിയിൽ “ശാന്ത “പ്രസിദ്ധപ്പെടുത്തിയത്.
“ശാന്ത” എഴുതിക്കഴിഞ്ഞ് ചൂടാറാതെ കൊണ്ടുവന്നതാണ്; നരേന്ദ്രപ്രസാദിനെ വായിച്ചു കേൾപ്പിക്കാൻ. നരേന്ദ്രപ്രസാദിൻ്റെ നാവിൻ തുമ്പിലൂടെ.. പേനയുടെ അഗ്രചർമ്മം പൊട്ടിച്ച്.. പിന്നെ ഒരു കയറ്റമായിരുന്നു കടമ്മനിട്ട! കടമ്മനിട്ട ക്കവിതകളെപ്പറ്റി “മലയാള നാടി”ൽ നരേന്ദ്രപ്രസാദ് എഴുതിയ ദീർഘ പഠന പരമ്പരയും കവികളിൽ ഒന്നാമതായി കടമ്മനിട്ടയെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള പ്രസംഗങ്ങളും വ്യത്യസ്ത രീതിയിലുള്ള കവിത ചൊല്ലലും കടമ്മനിട്ടയുടെ ഉയരങ്ങളിലേക്കുള്ള പാത സുഗമമാക്കി.
ഒരിക്കൽ ഹസ്സൻ മരക്കാർ ഹാളിൽ 1976 ൽ കവിയരങ്ങ് നടക്കുമ്പോൾ ഒ.എൻ.വി പഴയ മട്ടിൽ കവിത പാടുകയായിരുന്നു.
“നിർത്തടാ നിൻ്റെ കവിത”. എന്ന് എന്നീറ്റ് നിന്ന് കടമ്മനിട്ട ആക്രോശിച്ചത് ലഹരി ത്തള്ളലിൽ മാത്രമായിരുന്നില്ല. പഴഞ്ചൻ മട്ടിനോടുള്ള അസഹിഷ്ണുത കൊണ്ടായിരുന്നിരിക്കാം. പറഞ്ഞു കേട്ടതല്ല. ഞാനും അപ്പോൾ കടമ്മനിട്ടക്കരികിൽ സദസ്സിലുണ്ടായിരുന്നു. അന്ന് വരേണ്യ കവിസദസ്സിൽ കടമ്മനിട്ടയ്ക്ക് ഇരിപ്പിടമില്ലായിരുന്നു. ശാന്ത പ്രസിദ്ധപ്പെടുത്തിയ ശേഷം മാത്രമാണ് ചെറുപ്പക്കാരുടെ ചങ്കായിത്തീരുന്ന കടമ്മനിട്ട സീറ്റുകിട്ടാൻ തുടങ്ങിയത്.
അന്ന് കടമ്മനിട്ട താമസിച്ചിരുന്നത് ടോൾ ജംഗ്ഷനിൽ ഇപ്പോഴത്തെ മോബ് ലൈബ്രറിക്ക് സമീപമാണ്. പിന്നീടാണ് പൈപ്പിൻ മൂട്ടിലേക്ക് താമസം മാറ്റിയത്. യൂണിവേഴ്സിറ്റി ഓഫീസിൽ ജോലി ചെയ്തിരുന്ന മുരളിയോടും പി.ആന്റ് ടി യിലെ ജീവനക്കാരിൽ ചിലരോടുമൊപ്പമാണ് ടോൾ ജംഗ്ഷനിൽ താമസമാക്കിയത്. തപാലും ടെലഫോണും അന്ന് ഒന്നിച്ചാണ്. അവിടെ ഓഡിറ്ററായിരുന്നു കടമ്മനിട്ട. ഇടക്കിടക്കേ ലോഡ്ജിലുണ്ടാകാറുള്ളൂ. കറക്കമാണ്.അലിയാർ അന്ന് ടോൾ ജംഗ്ഷനിലെ ഇടവഴിയിൽ വാടകവീട്ടിൽ താമസം.നരേന്ദ്രപ്രസാദിനേയും മുരളിയേയും നാടകത്തിലേക്കിറക്കുന്നത് അലിയാരാണ്. (പിൽക്കാലത്ത് മുരളി വലിയ നാടകനടനും സിനിമാ നടനുമൊക്കെയായി. അലിയാർ നിന്നിടത്തു തന്നെ നിൽക്കുന്നു).
രാത്രി 9.30.പുറത്ത് ഒരു സ്കൂട്ടർ വന്നു നിൽക്കുന്നു. അതിൽ നിന്ന് നെറ്റിക്ക് വെട്ടുള്ള ഒരു ചെറുപ്പക്കാരൻ ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്നു.
കടമ്മനിട്ട പറഞ്ഞു. “ഇവൻ മുരളി. യൂണിവേഴ്സിറ്റി ആപ്പീസിലാ ! ഞാനിവിടെ പെട്ടു പോയെന്ന് കരുതിക്കാണും. അന്വേഷിച്ചു വന്നതാ. കൂട്ടിക്കൊണ്ടുപോവാൻ ” ശരിയായിരുന്നു. കൂടെയുള്ളവരെ ശ്രദ്ധിക്കാൻ അന്ന് കൂട്ടുകാരുണ്ടായിരുന്നു.
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe