എത്രയും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അവർകൾ വായിച്ചറിയാൻ അടുത്തൂൺപറ്റിപ്പിരിഞ്ഞ മലയാളം അധ്യാപകരിൽ ഒരാൾ എഴുതുന്നത് എന്തെന്നാൽ…കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല! മലയാള പാഠപുസ്തകങ്ങളിൽ അക്ഷരമാല കാണിക്കുന്ന ഒരു പുറവുമില്ല. ഒന്നാംക്ളാസുമുതൽ 12ാം ക്ളാസുവരെയുള്ള ഒരു പാഠപുസ്തകത്തിലും ഇല്ല. 12 കൊല്ലമായി ഇതാണ് സ്ഥിതി!
ഇപ്പറഞ്ഞത് കേരളത്തിലെ അനേകം വിദ്യാലയങ്ങളിലെ മലയാളം പഠിക്കാത്ത അനേകായിരം വിദ്യാർഥികളുടെ സ്ഥിതിയല്ല; മറിച്ച് മലയാളം ബോധനമാധ്യമമായ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെതന്നെ സ്ഥിതിയാണ്. പാലാക്കാരൻ ഫാ. തോമസ് മൂലയിൽ ആണ് ഈ സംഗതി എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഞാൻ അമ്പരന്നുപോയി. മലയാള പാഠപുസ്തകങ്ങളിൽ ഒന്നിൽപ്പോലും അക്ഷരമാല ചേർക്കുന്നില്ല എന്നത് എങ്ങനെ വിശ്വസിക്കും?
2009ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അക്ഷരമാല ഒഴിവാക്കിയതും അതിനെതിരേ നിവേദനങ്ങളും പരാതികളുമായി താൻ സർക്കാരിലെയും വിദ്യാഭ്യാസവകുപ്പിലെയും ഉന്നതരെ സമീപിച്ച് നിരാശനായതുമെല്ലാം മൂലയിലച്ചൻ വിസ്തരിച്ചു. ഭാഷാസ്നേഹിയായ ആ വൈദികൻ നമ്മുടെ കുട്ടികൾക്ക് അക്ഷരമാല വീണ്ടുകിട്ടുന്നതിനുവേണ്ടി 12 കൊല്ലമായി സമരരംഗത്തുണ്ട്. നമ്മളാരും അത് ശ്രദ്ധിച്ചില്ലെന്നുമാത്രം.
വിദ്യാഭ്യാസവകുപ്പിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടപ്പോൾ കാര്യം ശരിയാണെന്ന് അവരും പറഞ്ഞു.എന്താണ് കാരണമെന്നു ചോദിച്ചപ്പോൾ കിട്ടിയ വിശദീകരണം: ആദ്യം അക്ഷരം, അതുകഴിഞ്ഞ് വാക്ക്, അതുകഴിഞ്ഞ് വാക്യം, അതും കഴിഞ്ഞ് ആശയം എന്നതായിരുന്നു പഴയ പഠനസമ്പ്രദായം. അതുതീർത്തും മാറ്റിയിരിക്കുന്നു. ഇപ്പോൾ ആദ്യം ആശയം, അതുകഴിഞ്ഞ് വാക്യം, അതുകഴിഞ്ഞ് വാക്ക്, അതും കഴിഞ്ഞ് അക്ഷരം എന്നതാണ് പഠനക്രമം. സൂക്ഷ്മത്തിൽനിന്ന് സ്ഥൂലത്തിലേക്ക് എന്ന പുരാതനരീതി ഉപേക്ഷിച്ച് സ്ഥൂലത്തിൽനിന്ന് സൂക്ഷ്മത്തിലേക്ക് എന്ന ആധുനികരീതി സ്വീകരിച്ചിരിക്കയാണ്.
എന്തൊക്കെയാണെങ്കിലും, എവിടെയെങ്കിലുംവെച്ച് നമ്മുടെ കുട്ടികൾ മാതൃഭാഷയുടെ അക്ഷരമാല പഠിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, അതവർ സ്വയം പഠിച്ചുകൊള്ളുമെന്നാണ് മറുപടി!ഏതുപ്രായത്തിൽ, ഏതുക്ളാസിൽ, ഏതുപാഠം അടിസ്ഥാനമാക്കി വിദ്യാർഥികൾ അക്ഷരമാല പഠിക്കും എന്നചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.എന്താവശ്യത്തിനാണ് ഇങ്ങനെയൊരു പരിഷ്കാരം എന്ന അന്വേഷണത്തിനുതന്ന മറുപടി: ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി നിർണയസമിതിയിലെ വിദഗ്ധർ എത്തിയ തീർപ്പാണിത്.
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്ര പണ്ഡിതരായ രണ്ടുപേരാണ് ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായരും ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരും. അവർ ഈ പരിഷ്കാരത്തെപ്പറ്റി എന്തുകരുതുന്നു എന്നന്വേഷിച്ചപ്പോൾ കിട്ടിയ വിവരം എന്നെ വീണ്ടും അമ്പരപ്പിച്ചു. പ്രബോധചന്ദ്രൻ നായർ നേരത്തേ ഈ തീർപ്പിനെതിരേ ലേഖനമെഴുതിയിട്ടുണ്ട്! വേണുഗോപാലപ്പണിക്കർ എന്നോടുപറഞ്ഞത്, ”ഭാഷാശാസ്ത്രത്തിൽ അങ്ങനെയൊരു വിധിത്തീർപ്പില്ല; നമ്മുടെ കുട്ടികളെ അക്ഷരമാല പഠിപ്പിക്കാത്തത് ക്രിമിനൽക്കുറ്റമാണ്.”
ഇരിക്കട്ടെ,ഞാൻ താങ്കളുടെ മുമ്പാകെ, താങ്കൾക്ക് നല്ലപോലെ അറിയാവുന്ന ചിലകാര്യങ്ങൾ മുൻനിർത്തി ചില ചോദ്യങ്ങൾ ഉന്നയിക്കാനാഗ്രഹിക്കുന്നു:
ഭാഷാപഠനത്തിൽ ഉച്ചാരണം വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ‘അ’ എന്നു ഉച്ചരിപ്പിച്ചുകൊണ്ട് എഴുത്തിനിരുത്തുന്നത്. ഞങ്ങൾ ‘ഴ’ എന്ന് ഉച്ചരിക്കാൻ വിഷമിച്ചപ്പോൾ രണ്ടാം ക്ളാസിൽവെച്ച് എ.കെ. അബ്ദുറഹിമാൻകുട്ടി മാസ്റ്റർ ‘ഏഴുവാഴപ്പഴം താഴെ വീഴുന്നു’ എന്ന് ക്ളാസിലെ മുഴുവൻ കുട്ടികളെക്കൊണ്ടും ഒരേസമയം ആവർത്തിച്ച് ചൊല്ലിച്ചത് ഇന്നലെ കഴിഞ്ഞപോലെ ഓർമയുണ്ട്. അക്കാലത്ത് നടപ്പുണ്ടായിരുന്ന ‘തൃപ്രങ്ങോട്ടെ തൃപ്പടിമേലൊരു തണ്ടുരുളും തടിയുരുളും ചെറിയൊരു കുരുമുളകുരുളും’ എന്ന പ്രയോഗം താങ്കളും കേട്ടുകാണും. ഉച്ചാരണസ്ഫുടതയ്ക്ക് അനുസരിച്ച് നാവുതിരിയാൻ രൂപം കൊടുത്തതാണത്.
അക്ഷരമാല പഠിപ്പിക്കുന്നില്ലെങ്കിൽ ഉച്ചാരണം ശീലിപ്പിക്കാനാവുമോ? പത്തുകൊല്ലം മലയാളം പഠിച്ചിട്ടും മാതൃഭാഷയിലെ ഴ, ക്ഷ, ഷ, ഘ തുടങ്ങിയ അക്ഷരങ്ങൾ ശരിയായി ഉച്ചരിക്കാൻ പ്രാപ്തിനൽകാത്ത പഠിപ്പ് എന്തുപഠിപ്പാണ്.എഴുത്തിന് വളരെ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. തുഞ്ചത്ത് എഴുത്തച്ഛന്റെ എഴുത്തുപകരണമായ എഴുത്താണി ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിക്കുന്ന കൂട്ടരാണ് നമ്മൾ. അക്ഷരമാല പഠിപ്പിക്കാതിരുന്നാൽ അക്ഷരത്തെറ്റുകൂടാതെ എഴുതാൻ സാധിക്കുമോ?
ഒരനുഭവം പറയാം: കുറച്ചുമുമ്പ് പുതുതായി തുടങ്ങുന്ന ഒരു മാധ്യമസ്ഥാപനത്തിലെ പത്തുപതിനഞ്ച് യുവപത്രപ്രവർത്തകർക്ക് ഭാഷയെപ്പറ്റി ക്ളാസെടുക്കാൻ ഞാൻ ചെന്നു. അവർ എഴുതിയെടുക്കുന്ന പലതിലും അക്ഷരത്തെറ്റ് കണ്ടപ്പോൾ അവർക്ക് പത്തുവാക്ക് കേട്ടെഴുത്തുകൊടുത്തു. ഭൂരിപക്ഷത്തിനും ആറുവാക്കുതെറ്റി. ഒറ്റത്തെറ്റും വരുത്താത്ത ആരും ഉണ്ടായിരുന്നില്ല! അക്ഷരത്തെറ്റുകൂടാതെ മാതൃഭാഷയിൽ ഒരു കത്തോ പരാതിയോ ഹർജിയോ ലേഖനമോ എഴുതാൻ പുതിയ തലമുറയിൽ മിക്കവർക്കും പ്രാപ്തികാണില്ല.
എന്നാണ് ഫെയ്സ്ബുക്ക്, വാട്സാപ്പ്, യുട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലെ അവരുടെ ഭാഷാപ്രയോഗങ്ങൾ തെളിയിക്കുന്നത്.കുട്ടികളെ ചിട്ടയായി അക്ഷരമാല പഠിപ്പിക്കണമെന്ന് നിർദേശിക്കേണ്ട വിദ്യാഭ്യാസവകുപ്പ് അതുപഠിപ്പിക്കേണ്ടെന്ന് നിർദേശം കൊടുത്തതുകൊണ്ടുകൂടിയല്ലേ ഇങ്ങനെ സംഭവിക്കുന്നത്? അതെന്ത് അഭ്യാസമാണ്?
വാക്കിന്റെ അർഥത്തിന് പ്രമാണം നിഘണ്ടുവാണ്. അക്ഷരമാലാക്രമത്തിലാണ് (ഇതിന് അകാരാദി എന്നുപറയും) നിഘണ്ടുവിൽ വാക്കുകൾ അടുക്കിയിരിക്കുന്നത്. ക വർഗം കഴിഞ്ഞാണ് ച വർഗം, അതുകഴിഞ്ഞാണ് ട വർഗം, അതുകഴിഞ്ഞാണ് ത വർഗം, അതും കഴിഞ്ഞാണ് പ വർഗം എന്ന മട്ടിൽ അതിന്റെ ക്രമം അറിയാത്തയാൾക്ക് നിഘണ്ടു നോക്കാൻ പറ്റുമോ? നിഘണ്ടു നോക്കാൻകൂടി പ്രാപ്തിനൽകാത്ത ഭാഷാപഠനംകൊണ്ട് എന്താണാവശ്യം?
വിജ്ഞാനകോശങ്ങളിലും അതുപോലുള്ള എല്ലാ ഗ്രന്ഥങ്ങളിലും വിവരങ്ങൾ അടുക്കുന്നത് അകാരാദിയിൽത്തന്നെയാണ്. അക്ഷരമാല പഠിച്ചുറപ്പിക്കാത്തയാൾക്ക് അത്തരം വിവരങ്ങൾ നോക്കാൻ പറ്റില്ലല്ലോ. ഇത്തരം വികലാംഗത്വം സൃഷ്ടിക്കുന്ന ഭാഷാപരിശീലനംകൊണ്ട് കുട്ടികൾക്ക് എന്തുപ്രയോജനമാണുള്ളത്?
ആശയത്തിന് പ്രാധാന്യം നൽകുന്നതിന് അക്ഷരമാല പഠിപ്പിക്കേണ്ടാ എന്നുവെക്കുന്നത് എവിടത്തെ ന്യായമാണ്അക്ഷരമാല പഠിച്ചിട്ടാണല്ലോ താങ്കളും ഞാനും അടങ്ങുന്ന തലമുറയും അനേകം മുൻ തലമുറകളും മുതിർന്നത്. അക്ഷരം പഠിച്ചതുകൊണ്ട് ആശയം തിരിയുന്നില്ല എന്നൊരവസ്ഥ എവിടെയെങ്കിലും ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
തെറ്റും ശരിയും ഉണ്ട്. വാക്ക് പറയുന്നതിനും എഴുതുന്നതിലുമാണ് ആ വ്യത്യാസം ഒരു കുട്ടിക്ക് ആദ്യമായി അനുഭവപ്പെടുന്നത്. ശരിതെറ്റുകളുടെ തിരിച്ചറിവിലൂടെയാണ് സാമൂഹികജീവിതത്തിന് ഒരു വ്യക്തി പ്രാപ്തിനേടുന്നത്. ശരിതെറ്റുകളില്ല എന്ന ബോധം ഒരു വ്യക്തിയിൽ ഇളംപ്രായത്തിൽത്തന്നെ നട്ടുപിടിപ്പിക്കുന്നത് നന്നോ?മലയാളത്തെ സ്വന്തം കുടുംബവും മതവും രാഷ്ട്രീയവുമായി തിരിച്ചറിഞ്ഞിരുന്ന കവി കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിത എനിക്ക് ഓർമയാവുന്നു:
അക്ഷരമേ, നിന്നെയെനിക്കി ‘ക്ഷ’ പിടിച്ചു, നിന്നിൽ
‘അര’മുണ്ടെന്നതിനാൽ.എന്തിനെയും മൂർച്ച കൂട്ടുന്ന ആയുധമായ അരം ആണ് അക്ഷരം എന്നർഥം. ‘അക്ഷരം’ എന്ന പദത്തിന് ക്ഷരമില്ലാത്തത്, നാശമില്ലാത്തത് എന്ന് അർഥമാകുന്നു.മാതൃഭാഷയുടെ അക്ഷരമാല നമ്മുടെ വിദ്യാർഥികൾക്ക് നിഷേധിക്കുന്ന സാഹചര്യം എത്രയുംവേഗം ഒഴിവാക്കാൻ ഭാഷാശാസ്ത്രം, അധ്യാപനം എന്നിവയിൽ വിദഗ്ധരായ വ്യക്തികളുടെ ഒരു സമിതി രൂപവത്കരിച്ച് വേണ്ടതുചെയ്യണമെന്ന് ഓരോ കേരളീയന്റെയും പേരിൽ ഞാൻ താങ്കളോട് അപേക്ഷിക്കുന്നു; സ്വന്തം സംസ്കാരത്തെപ്പറ്റിയും മാതൃഭാഷയെപ്പറ്റിയും അറിവും അഭിമാനവുമില്ലാത്തവരായി വളരുന്ന ദുരവസ്ഥയിൽനിന്ന് കുട്ടികളെ രക്ഷിക്കണമെന്ന് ഓരോ രക്ഷാകർത്താവിന്റെയും പേരിൽ ഞാൻ അപേക്ഷിക്കുന്നു.
കുട്ടികൾ അക്ഷരമാല പഠിക്കേണ്ടതില്ലത്രേ !വേണ്ടേ?പൊതുസമൂഹത്തിനുമുന്നിൽ ഇതൊരു ചോദ്യമായി ഉയർത്തുകയാണിവിടെ.
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe