കൊച്ചി : അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ച് അമ്മ അനുപമ (Anupama Child Missing case). കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ ഹേബിയസ് കോർപ്പസ് പിൻവലിച്ചത്.
നിലവില്‍ അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്നും, ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തിരുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല..
കുടുംബകോടതിയുടെ പരിഗണനയിൽ ആയതുകൊണ്ട് ഈ കേസിൽ സത്വര ഇടപെടലിലേക്കോ നടപടിയിലേക്കോ ഹൈക്കോടതി കടക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടല്ലോ എന്ന് നിരീക്ഷിച്ച കോടതി, കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഹർജി പിൻവലിച്ചുകൂടേ എന്നും ചോദിച്ചു.
അതേസമയം കേസിലെ അഞ്ചു പ്രതികള്‍ക്കും ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അനുപമയുടെ മാതാവ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കുഞ്ഞിനെ വ്യാജ രേഖകള്‍ ചമച്ച് ദത്തു നല്‍കിയെന്ന കേസിലാണ് ഇവര്‍ പ്രതികളായത്. അനുപമയുടെ മാതാവ് സ്മിത ജെയിംസ്, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് അരുണ്‍, പിതാവിന്റെ സുഹൃത്തുക്കളായ രമേശ്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ പ്രതിപ്പട്ടികയിലുള്ള അനുപമയുടെ പിതാവ് ജയചന്ദ്രന് ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ 2020 ഒക്ടോബർ 19-നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേർന്ന് നാലാം ദിവസം കുഞ്ഞിനെ തന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹർജിയിൽ ആരോപിക്കുന്നത്. ആശുപത്രി റജിസ്റ്ററിലും ജനനസർട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങൾ തെറ്റായാണ് നൽകിയിട്ടുള്ളതെന്നും ഹർജിയിൽ പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിനായി ബാലനീതിനിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങൾ ഉണ്ടായില്ല. ശിശുക്ഷേമസമിതിയെ ഉൾപ്പടെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും അനുപമ ഹർജിയിൽ പറഞ്ഞിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe