ഏകാന്തയായ ഒരു കൊയ്ത്തുകാരിയെപ്പോലെ വയലേലകളിലൂടെ സുലോചനയുടെ കഥാപാത്രം നടന്നുപോയി. അവള് മാത്രം കൊയ്യുകയും അവള് മാത്രം പാടുകയും ചെയ്യുന്ന അവളുടെ തന്നെ ജീവിതമാണ് ഈ പാടം. അവളുടെ വിഷാദനിര്‍ഭരമായ ചൊടികള്‍ കറ്റക്കതിര്മ്മണിയോടൊപ്പം പാടിയ ആയിരമായിരം നെയ്തല്ഗീതങ്ങളാലപിക്കുന്നു.
മുടിയനായ പുത്രനിലെ ചെല്ലമ്മ എന്ന പുലയ സ്ത്രീയുടെ കഥാപാത്രത്തിലൂടെയാണ് സുലോചന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തരുണ ദൃഡഗാത്രിയായ അവളുടെ ശബ്ദം കുട്ടനാടിന്റെയോ ഓടനാടിന്റെയോ വീറേറിയ ഒരു സമരനായികയുടെ അതിപ്രാചീനമായ അത്മാവില് നിന്നുദയം കോണ്ടതാണ്. ഇത് അഭിനയ ജീവിതത്തിലെ പുതിയ കാല്‍വയ്പ്പ് തന്നെയായിരുന്നു. നടിയായും ഗായികയായും കമ്മ്യൂണിസ്റ്റുകാരിയുമായാണ് സുലോചന അക്കാലം നിലനിന്നത്. ഇതില്‍ മറ്റു രണ്ടു യോഗ്യതകളും മാറ്റി നിര്‍ത്തിയാല്‍ കമ്മ്യൂണിസ്റ്റുകാരിയായി മാറി എന്നത് സുലോചനയുടെ മാത്രം തെരഞ്ഞെടുപ്പാണ്. നടിയായും ഗായികയായും കമ്മ്യൂണിസ്റ്റുകാരിയായും ജീവിക്കുക എന്നതില്‍ അടിയുറച്ചു നിന്നതു കൊണ്ട് ഈ മൂന്നിനെയും വിട്ടുവീഴ്ചകളില്ലാതെ നിലനിര്‍ത്താന്‍ വേണ്ടി സ്വന്തം ജീവിതത്തെപ്പോലും മറന്നുപോയി.
ഈ മൂന്നുവ്യക്തിത്വങ്ങളിലൂടെയല്ലാതെ നാലാമതൊരു മുഖം സുലോചനക്ക് ഒരിക്കല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജില്‍ അന്ന് അഡ്മിഷന് കിട്ടിയിരുന്നെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ മ്യൂസിക് ടീച്ചറായി ജീവിതം ഒടുങ്ങിപ്പോയേനേ എന്ന് പിന്നീട് ഓര്‍ത്തിട്ടുണ്ട്. അതുപോലെ തിരുവനന്തപുരം റേഡിയോ നിലയത്തിലും കയറിപ്പറ്റാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അതൊന്നുമല്ല തന്റെ വഴിയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാനും സര്‍ഗ്ഗാത്മകമായ ഒരു ജീവിതാവിഷ്കാരമായി കലയെയും രാഷ്ട്രീയത്തെയും സ്വീകരിക്കുക അതില്‍ സത്യസന്ധമായിരിക്കുക എന്നതാണ് സുലോചന പുലര്‍ത്തിയത്. കലയും കലാപവും എന്ന അര്‍ത്ഥത്തില്‍ സാധാരണക്കാരിയായി കടന്നു വന്ന് സ്ത്രീപുരുഷ വിവേചനങ്ങള്‍ വെച്ചു പുലര്‍ത്തിയ ഒരു കാലത്ത് അതിനെയൊക്കെ അതിജീവിച്ചു വരിക എന്നത് തികച്ചും വ്യത്യസ്തതയുള്ളതാണ്.
ഈ സമയത്ത് വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിന് ഒന്നും സുലോചന വഴങ്ങിയില്ല. തന്റെ വ്യക്തിത്വം ഒരു കലാകാരിയെന്ന നിലയില്‍ ജീവിതത്തോടു പുലര്‍ത്തുന്ന സര്ഗ്ഗാത്മകാഭിമുഖ്യം അക്കാലത്തെ ഒരാള്‍ക്കും മനസ്സിലാകാതിരുന്നതുകൊണ്ടു കൂടിയാണ് വിവാഹം വേണ്ടെന്നുവെച്ചത്. അമ്മയും സഹോദരനും വിവാഹത്തിനു നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു. അവരോട് അവസാനം മനസ്സില്ലാമനസ്സോടെ പറഞ്ഞു ഒരു രണ്ടു വര്‍ഷം കൂടി കഴിയട്ടേ.
1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് അഭിവാദന ഗാനം അവതരിപ്പിക്കുന്നതിനുള്ള ചുമതല കെ.പി.എ.സി.ക്കു കൊടുത്തു.
1857 ലെ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ച് അതിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഒരു രക്തസാക്ഷി മണ്ഡപം പാളയത്തു നിര്‍മ്മിക്കണമെന്നും അതിന്റെ ഉദ്ഘാടനത്തിന് ആലപിക്കാനൊരു ഗാനവും വേണമെന്ന് പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രി ഇ എം എസ്സാണ്. ഗാനമെഴുതാന്‍ വയലാറിന് നിര്‍ദ്ദേശം കൊടുത്തത് മുണ്ടശ്ശേരിയുടെ നിര്‍ബ്ബന്ധപ്രകാരമാണ്. ഇ.എം.എസും മുണ്ടശ്ശേരിയും കൂടി രാമവര്‍മ്മയെ വിളിച്ച് രക്തസാക്ഷിത്വവിഷയവുമായി ബന്ധപ്പെട്ട ഒരു ഗാനം എഴുതണമെന്നാവശ്യപ്പെട്ടു. സംഗീതം ദേവരാജനെയും ഏല്‍പ്പിച്ചു. കോട്ടയത്തെ പൊന്‍കുന്നം വര്‍ക്കിയെയും കുമരകം ശങ്കുണ്ണിമേനോനെയും പാട്ട് സജ്ജമാക്കാനുള്ള ചുമതല കൊടുത്തു.
വയലാര്‍ എഴുതി ദേവരാജന്‍ ചിട്ടപ്പെടുത്തി. സുലോചനയും കെ.എസ് ജോര്‍ജ്ജും കൂടി പാടാമെന്നും എക്സിക്യൂട്ടിവ് കമ്മിറ്റിയും തീരുമാനമെടുത്തു. കോട്ടയം ടീ.ബിയില്‍ വെച്ചായിരുന്നു റിഹേഴ്സല്‍. അവിടെ വെച്ചാണ് ആദ്യമായി വയലാറിനെ സുലോചന നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും.
അവിടെവെച്ചാണ് ബലികുടീരങ്ങളേ എന്ന ഗാനം പിറന്നത്. നാലഞ്ചു ദിവസത്തെ റിഹേഴ്സലിനു ശേഷം നൂറില്‍പ്പരം, ഗായകരെ അണിനിരത്തി അത് അവതരിപ്പിച്ചു. സുലോചന, കെ.എസ് ജോര്‍ജ്ജ്, സി.ഒ ആന്റോ. ജനാര്‍ദ്ദനക്കുറുപ്പ്, ജോസ് പ്രകാശ്, മരട് ജോസഫ്, ജോണ്സന്, സി.ജി ഗോപിനാഥ്, ജോസഫ്, കവിയൂർപൊന്നമ്മ, എല്‍ പി ആര് വര്‍മ്മ തുടങ്ങിയവരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു അവിടെ.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആ ഗാനം ആദ്യമായി അവതരിപ്പിച്ചു. ഇതുവരെ ഇത്രയധികം പാട്ടുകാര്‍ ഒന്നിച്ച് മറ്റൊരു പാട്ടിനു അണിനിരന്നിട്ടില്ലായിരുന്നു. അന്നുമുതല്‍ ആവേശോജ്വലമായ ഗാനമായി അത് വേറിട്ടു നിന്നു.
വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടീ
എന്നു പറഞ്ഞ് സാര്‍ത്ഥകമായ ആ ഗാനം അവിടെ അവസാനിച്ചു. കുറച്ചുനേരത്തേക്ക് വി.ജെ.ടി ഹാളില്‍ നിറയെ ആരവമായിരുന്നു. നിലക്കാത്ത കൈയ്യടികള്‍ ഹര്‍ഷോډാദങ്ങള്‍ എല്ലാം ചേര്‍ന്ന് പൊതുപരിപാടിയുടെ ഔദ്യോഗിക ഘടനയെപ്പോലും തടസ്സപ്പെടുത്തിക്കളഞ്ഞു. കുറച്ചു നേരത്തേക്ക്.