ഇന്ത്യൻ സാംസ്കാരിക മേഖലയിൽ നിന്നും വിടപറഞ്ഞ വിഖ്യാത വ്യക്തിത്വങ്ങൾക്കുള്ള ആദരവായി സംഘടിപ്പിക്കുന്ന ‘ചിരസ്മരണ’ അനുസ്മരണ പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി സി.പി. നായരെയും പ്രമുഖ സംഗീതജ്ഞ പാറശാല ബി പൊന്നമ്മാളിനേയും അനുസ്മരിച്ചു.
ഡോ. കെ. ജയകുമാർ ഐഎഎസ് സി.പി. നായരെ കുറിച്ചും ഡോ കെ ഓമനക്കുട്ടി പാറശാല ബി പൊന്നമ്മാളിനെക്കുറിച്ചും സ്മൃതിഭാഷണം നടത്തി. ഈ മാസം ഒൻപതുവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നെടുമുടി വേണു, വി.കെ.ശശിധരൻ, ദിലീപ് കുമാർ, വി.എം കുട്ടി, കാർട്ടൂണിസ്റ്റ് യേശുദാസൻ, മിൽഖ സിംഗ്, ഡോ.പി.കെ വാര്യർ, ഡോ. എൻ. കൃഷ്ണൻ നായർ, താണു പത്മനാഭൻ എന്നിവരെ അനുസ്മരിക്കും. കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ സര്‍ഗ്ഗാത്മക നേതൃത്വത്തില്‍ തയ്യാറാക്കിയ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ പേജുകളിലൂടെയാണ് ചിരസ്മരണ സ്ട്രീം ചെയ്യുന്നത്.
മഴമിഴിയുടെ ആദ്യഘട്ടം കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാലത്തെ മാതൃകാപരമായ സാംസ്കാരിക പ്രവര്‍ത്തനമാണ് മഴമിഴി പദ്ധതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമാപനത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. സമാപന സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്ജ്ജ്ഐഎഎസ്, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്കാരിക വകുപ്പിന്റെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും പേജുകളിലൂടെ ഒരു കോടിയിലധികം പ്രേക്ഷകരിലേക്കെത്താൻ മഴമിഴിക്ക് സാധിച്ചു.
നവംബർ 10 മുതൽ മഴമിഴി പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘തളിർമിഴി’ തീയേറ്റർ ഫെസ്റ്റിവലിന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി ഏഴ് മുതൽ ഒൻപതു വരെയായിരിക്കും മെഗാ സ്ട്രീമിംഗ് നടക്കുക. കഥാപ്രസംഗം, ഗാനമേള, തെരുവുനാടകം, ഗ്രാമീണ നാടകങ്ങൾ, ഏകാഹാര്യ നാടകങ്ങൾ, പരീക്ഷണ നാടകങ്ങൾ എന്നിവ തിയറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങിലെത്തും. കൂടുതൽ രംഗകലകളും, അപൂർവ്വങ്ങളായ കലാരൂപങ്ങളും ഉൾപ്പെടുത്തി ‘വസന്തമിഴി’ എന്നപേരിൽ മൂന്നാം ഘട്ടവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe