“ചുവപ്പുനാട ” എന്ന ആദ്യ കൃതിയോടെ മലയാള നോവലിൽ ഇടം നേടിയ ഇ. വാസു ഇപ്പോൾ വിശ്രമത്തിലാണ്. കൃതികളെല്ലാം എഴുതിത്തീർന്നു കഴിഞ്ഞു. തിരുവനന്തപുരം നഗര മധ്യത്തിൽ താമസിക്കുന്ന ആ കോഴിക്കോടുകാരൻ അധികമൊന്നും ഇപ്പോൾ വീട്ടിന് പുറത്തിറങ്ങാറില്ല. കോവിഡുകാലമല്ലേ. ഒടുവിൽ വീട്ടിൽ ചെന്നു കാണുമ്പോൾ അദ്ദേഹം കിടപ്പിലായിരുന്നു. പണ്ടൊക്കെ വൈകുന്നേരങ്ങളിൽ സെക്രട്ടേറിയറ്റിൻ്റെ പരിസരങ്ങളിലൂടെ ബേക്കറി ജംഗ്ഷൻ വഴി ഗോർക്കി ഭവനരികിലൂടെ വേഗത്തിൽ പാഞ്ഞു പോകാറുണ്ടായിരുന്നു.
മുണ്ട് മടക്കിക്കുത്തി നെഞ്ചും തള്ളിച്ച് നീണ്ടുനിവർന്ന് ഒരു നടത്തയുണ്ട്. പതുക്കെ അദ്ദേഹം നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. മടത്തു കെട്ടി മുണ്ടിൻ്റെ കോന്തല തിരുകി തൂക്കിയിട്ടൊരു നടത്തം.! എൻ.ബി.എസ്സിനുമുന്നിൽ വൈകിട്ട് കൂടാറുണ്ടായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ തണൽ പറ്റിയ എഴുത്തുകാരിൽ പ്രധാനിയാണ് ഇ.വാസു.
1935 സിസംബർ 10 ന് കോഴിക്കോട്ട് ബേപ്പൂരിനടുത്തുള്ള നട്ടുവട്ടം അംശം ഇളവീട്ടിൽ ജനിച്ച ഇ. വാസു പഠിച്ചതെല്ലാം ബേപ്പൂരിലാണ്. ബേപ്പൂർ സ്കൂൾ, ഫറോക് ഹൈസ്കൂൾ, ഫറൂക്ക് കോളേജ് എന്നിവിടങ്ങളിലാണ്. അവിടം ചുറ്റിപ്പറ്റി വിദ്യാഭ്യാസം ചെയ്തതിന് കാരണമുണ്ട്.ഷാനവാസ് പോങ്ങനാടിൻ്റെ ഉടമസ്ഥതയിലുള്ള മെലിൻഡ ബുക്സ് 2011 ൽ പുറത്തിറക്കിയ “ആത്മകഥയുടെ അടരുകൾ ” എന്ന പുസ്തകത്തിൻ്റെ 35-ാം പുറത്ത് ഇ.വാസു അക്കാര്യം എഴുതിയിട്ടുണ്ട്:
“ഫറൂക്ക് കോളേജിൽ പിൻ ബഞ്ചുകാരനായ എന്നെ അദ്ധ്യാപകനായ ഡോക്ടർ എൻ.എ. കരിം പുറത്താക്കിയത് നോട്ടെഴുതാൻ പുസ്തകം കൊണ്ടുവന്നില്ല എന്ന കാരണത്താലായിരുന്നു. നോട്ടു പുസ്തകവും പാഠപുസ്തകവും ഇല്ല എന്ന കാരണത്താലാണ് ഞാൻ പിൻസീറ്റിൽ സ്ഥാനം പിടിച്ചതെന്ന് അദ്ധ്യാപകനറിഞ്ഞില്ല. കോഴിക്കോട്ടെ കൃസ്ത്യൻ കോളേജിലും സാമൂതിരി കോളേജിലും സീറ്റുണ്ടായിട്ടും ദൂരം കൂടുതലുള്ള കുന്നിൻ പുറത്തെ ഫാറൂക്കിൽ ഫീസ് കുറവ് കാരണമാണ് പഠിക്കുന്നതെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു”.
അതുപോലെ ദാരിദ്ര്യം നിമിത്തം സ്കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർക്ക് ചായ മേടിച്ചു കൊണ്ടുവരുന്ന പണി ആ ബാലനാണ് ഏറ്റെടുത്തത്.
“ഉച്ചക്ക് ഉണ്ണാൻ പോകാതെ ക്ലാസ്സിലിരിക്കുന്നതുകൊണ്ട് കിട്ടിയ ഭാഗ്യമായിരുന്നു അത്.” അതുകൊണ്ട് ഉച്ചപ്പട്ടിണി മറ്റുള്ളവർ മനസ്സിലാക്കിയിരുന്നില്ല. ഇ. വാസുവിന് അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മ അധികം വൈകാതെയും. സ്കൂളിൽ കയറാനുള്ള മടി കൊണ്ട് ഇടവഴിയിൽ കിടന്നുരുണ്ട് “പശു കുത്തി” എന്ന് കള്ളം പറഞ്ഞ് ഒന്നാം ക്ലാസ്സിൽ പോകാതെ കഴിച്ചെങ്കിലും കള്ളം കണ്ടുപിടിച്ച് വീട്ടുകാർ പള്ളിക്കൂടത്തിൽ തള്ളിവിട്ടു.
ഇടതു കൈയ്യനായതു കൊണ്ട് “ഇടത്തോടൻ പാച്ചൻ ” എന്നൊരു പേരും വീണു. കുട്ടിക്കാലത്ത് ഒരു ബീഡി തെറുപ്പുകാരനായി ജീവിക്കാമെന്ന പ്രതീക്ഷ ഇടതു കൈയ്യനായപ്പോൾ ബീഡിയുടെ കെട്ട് മുറുകാതെ വന്നപ്പോൾ അസ്തമിച്ചു. ഫറൂക്ക് കൊളജിൽ ബി.എ. എക്ണോമിക്സിന് പഠിക്കുമ്പോൾ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ബി.എ പഠനം പൂർത്തിയാക്കി 1962 ൽ കോ-ഓപ്പറേറ്റീവ് കോളേജിൽ നിന്ന് എച്ച്.ഡി.സി. പാസ്സായി. 1964 ജനുവരി 3 ന് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി അസിസ്റ്റന്റ് ഇൻഫർമേഷൻ ആപ്പീസറായി. പിന്നെ പടിപടിയായി ഉയർച്ചയായിരുന്നു. പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അൻപതോളം കൃതികളാണ് ഇ.വാസു എഴുതിയിട്ടുള്ളത്. ആരേയും ഗുരുക്കൻമാരായി അദ്ദേഹം സ്വീകരിച്ചിട്ടില്ല സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം ഉച്ചക്ക് വായിച്ചു തീർത്ത് മറ്റൊന്ന് ആവശ്യപ്പെട്ടപ്പോൾ കാർഡ് വലിച്ച് കീറി ദൂരെയെറിഞ്ഞ ഗുരുനാഥനാണ് ഇവാസുവിനുള്ളത്. ആരുടേയും ശിഷ്യനാവാതെ കോഴിക്കോട് പബ്ലിക്ക് ലൈബ്രറിയിൽ പോയി പുസ്തകമെടുത്ത് യാതൊരു വിവേചനവുമില്ലാത്ത വായനയായിരുന്നു പിന്നെ. ഒ. ഹെൻട്രി, ഓസ്ക്കാർ വൈൽഡ് …. അങ്ങനെ നീണ്ടുപോയി.
ബി.സി. വർഗ്ഗീസിൻ്റെ “പ്രവാഹം ” എന്ന രാഷ്ട്രീയ മാസികയിലാണ് ആദ്യ കാലത്ത് കഥ അച്ചടിച്ചു വന്നത്. “ഇ .വാസു നടുവട്ടം “എന്ന പേരിൽ. സ്കൂളിൽ പഠിക്കുമ്പോഴാണ്. പിന്നീട് നടുവട്ടം ഉപേഷിച്ച് ഇ.വാസുവായത് കോളജിൽ പഠിക്കുമ്പോൾ; മാതൃഭൂമിയിൽ കഥ വന്നപ്പോൾ എൻ.വി.കൃഷ്ണവാര്യരാണ് കഥ പ്രസിദ്ധപ്പെട്ടത്തിയതു്. ചിത്രം വരച്ചത് എം.വി.ദേവനും. “സ്നേഹവും ജീവിതവും” എന്നായിരുന്നു കഥയുടെ പേര്.
കഥ എഴുതിക്കഴിഞ്ഞപ്പോൾ കൊച്ചിയിൽ നിന്ന് ഒന്നാം തരം ആർട്ട് പേപ്പറിൽ അടിച്ചു വരുന്ന “ദീപ്തി ” സിനിമാ മാസികയിലോ “ദേശമിത്ര”ത്തിനോ കൊച്ചിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന വാസവൻ്റെ “ജനശക്തി”ക്കോ അയച്ചു കൊടുക്കണമെന്നാണ് ആദ്യം വിചാരിച്ചത്.. പിന്നെ ഒരു സുഹൃത്തിൻ്റെ നിർബന്ധത്തിനു വഴങ്ങി മാതൃഭൂമിക്ക് പോസ്റ്റു ചെയ്തു; “ബാലപംക്തിയിലാണെങ്കിൽ തിരിച്ചയക്കുക” എന്ന കുറിപ്പും വച്ച്!
കഥ വന്നു.
ഇതിനിടക്ക് പഠിക്കാനുള്ള നോട്ട്, പുസ്തകം തുടങ്ങിയവക്കും ഉച്ചക്ക് വല്ലതും വാങ്ങിക്കഴിക്കാനും ഒരു മാർഗ്ഗമുണ്ടായി. മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ ചില ലേഖനങ്ങൾ വന്നു തുടങ്ങി. “കോളേജിലേക്ക് ആറേഴ് നാഴിക കുന്നു കയറുന്ന എനിക്ക് ഒരു ചെരിപ്പു വാങ്ങാനോ വാച്ചുവാങ്ങാനോ എന്നിട്ടും കഴിഞ്ഞില്ല.” എന്ന് അദ്ദേഹം എഴുതുന്നു. പിന്നെ എപ്പോഴാണ് ഇ. വാസുവിന് അഭിലാഷം സാദ്ധ്യമായത് ?കോഴിക്കോട് റേഡിയോ നിലയം തിരിച്ചയച്ച നാടകത്തിന് അഖിലേന്ത്യാ റേഡിയോ മത്സരത്തിൽ സമ്മാനം ലഭിച്ചപ്പോൾ.! ആകാശവാണിക്കെന്നും തലയുയർത്തി അഭിമാനിക്കാം. ഇ.വാസുവിന് വാച്ച് മേടിക്കാനും ചെരുപ്പിടാനും നിമിത്തമായതു് റേഡിയോ നൽകിയ പ്രതിഫലമാണ്. നമ്മുടെ ഉന്നത ശീർഷരായ എഴുത്തുകാർക്കു പലർക്കും കൈത്താങ്ങായി നിന്നത് എന്നും ആകാശവാണി തന്നെയാണ്. ചിലർ അത് തുറന്നു പറയുന്നു. പലരും പറയാതെ മനസ്സിൽ വയ്ക്കുന്നു.
“ചുവപ്പുനാട “ഉൾപ്പെടെ മുഴക്കങ്ങൾ ചക്രം അതീന്ദ്രിയം, അവൾ അയാൾ, ഒടുവിൽ കിട്ടിയത്, മാന്യമഹാജനങ്ങളെ, കടന്നൽ കൂട്, അപൂർണ്ണം , ചോര, വീട്, ആമ, അനന്തപുരി….. ചെക്കോവിൻ്റെ എൻ്റെ ജീവിതം എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഓസ്ക്കാർ വൈൽഡിന്റെ ലേഡി വിന്റർനസ്, സോളം എന്നീ കൃതികളും. പാശ്ചാത്യ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങൾക്കും കഥാവിവർത്തനങ്ങൾക്കും പുറമേ 1992 ൽ സാഹിത്യ പ്രവർത്തകസഹകരണ സംഘം പുറത്തിറക്കിയ ഇ.വാസുവിൻ്റെ തെരഞ്ഞെടുത്ത കഥകൾ ഉൾപ്പെടെ പന്ത്രണ്ട് കഥാസമാഹാരങ്ങൾ ഇ.വാസു രചിച്ചിട്ടുണ്ട്.
എൻ്റെ ചാരു കസേര ദു:ഖങ്ങൾ, തെളിവിലാത്ത കേസുകൾ, താസീൽ ദാരും മേഘങ്ങളും അമർഷത്തിന്റെ പൂക്കൾ, വൈറ്റ് കോളർ , ധർമ്മ ക്ഷേത്ര, മോഹങ്ങൾ, അവസ്ഥ, ഒരു പഴയ ഓർമ്മ ബന്ധങ്ങൾ, മുഴക്കങ്ങൾ … എന്നീ കഥാസമാഹാരങ്ങളിലൂടെ പത്തു നൂറ്റമ്പത് കഥകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖങ്ങൾ മുദ്രകൾ, ജാതക പരിശോധന ആൽബം എന്നിവ ലേഖന സമാഹാരങ്ങളാണ് രണ്ട് യാത്രാ വിവരണങ്ങളുണ്ട്. കൽക്കത്ത, ഓ! കൽക്കത്ത, പാപത്തിൻ്റെ പൊങ്ങച്ച സഞ്ചി. പ്രേതഗാനം, വിശറി എന്നിവ നാടകങ്ങളാണ്. ആണ്ടിക്കുട്ടി, നാട്ടിൻ പുറം , സുചിത്ര തുടങ്ങിയ ബാലസാഹിത്യ കൃതികൾ.
1998 -ലെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ വാസുവിൻ്റെ “പാപത്തിൻ്റെ പൊങ്ങച്ച സഞ്ചി “തിരുവനന്തപുരത്തു നിന്നും രത്നാകരൻ്റെ നേതൃത്വത്തിലുള്ള നെരൂദ ബുക്സാണ് പ്രസാധനം ചെയ്തത്. സമഗ്രസംഭാവനക്കുള്ള 2005 ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ഇ.വാസുവിന് ലഭിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാർഡ് നേടിയ “വന്ദേമാതരം” എഴുതിയ കാലത്തു ചില പ്രശ്നങ്ങളൊക്കെയുണ്ടായി. ഗാന്ധിയെ തൊട്ടു കളിച്ചാൽ ആകളി തീക്കളിയാകില്ലന്നാരു പറഞ്ഞു. ഗാന്ധിയുടെ തനിസ്വരൂപം വ്യക്തമാക്കി പച്ചക്കങ്ങ് “വന്ദേ മാതരം” എഴുതിയാലുള്ള പുകിലേ! ഗാന്ധിയെപ്പറ്റി ഒരു ലേഖനവും കാച്ചി. ആരുടെയൊക്കയോ ഭാഗ്യം കൊണ്ട് ഇപ്പോഴും നല്ല പെൻഷൻ വാങ്ങി ജീവിത സായാഹ്നം അദ്ദേഹം തള്ളിനീക്കുന്നു.
കൃഷി, സഹകരണ സംഘം, വികസനം എന്നീ വകുപ്പുകളിൽ ജോലി ചെയ്തു. റൂറൽ ഇൻഫർമേഷൻ ചീഫ് ആപ്പീസറായിട്ടാണ് സർക്കാരിൽ നിന്ന് വിരമിച്ചത്. സർവീസിൽ കയറുന്ന കാലത്ത് സർക്കാർ ആപ്പീസുകളെപ്പറ്റി ഒരു നോവൽ എഴുതി മലയാള രാജ്യം വാരികയുടെ പത്രാധിപർ എം.ആർ. ചന്ദ്രശേഖരന് അയച്ചു. ഒന്നുരണ്ട് വർഷം അതവിടെ കിടന്നു. പിന്നീട് പാലക്കാട്ട് ജോലിയായപ്പോഴാണ് അത് തിരിച്ചെടുത്ത് മാറ്റിയെഴുതി “വെള്ളക്കുപ്പായം ” എന്ന പേരു കൊടുത്ത് മാതൃഭൂമിക്കയച്ചു. എം.ടി.വാസുദേവൻ നായരാണ് പേരു മാറ്റി “ചുവപ്പുനാട ” എന്ന പേരിൽ ഖണ്ഡശ്ശ പ്രസിദ്ധപ്പെട്ടത്തിയത്. ചിത്രണം നടത്തിയത് എ.എസും. സർക്കാർ സർവീസിലെ തിരിമറികളായതിനാൽ “ചുവപ്പുനാട ” പ്രശ്നമായി.
അന്ന് അദ്ദേഹത്തിന് പാലക്കാടാണ് ജോലി. ഒറ്റപ്പാലം സബ് കളക്ടർ സി.പി.നായർ, കലക്ടർ കെ.ബി. രബീന്ദ്രൻ നായർ എന്നിവരിൽ നിന്നാണ് ഇ വാസു അപകടം മനസ്സിലാക്കുന്നത്! താൻ സർക്കാരിൻ്റെ കണ്ണിലെ കരടാണെന്ന്. കൈ എഴുത്തു പ്രതി ഉടൻ ഹാജരാക്കാൻ ഉത്തരവു വന്നു. മാനുസ്ക്രിപ്റ്റ് മാതൃഭൂമിക്കു സ്വന്തമായതിനാൽ നോവൽ മുഴവൻ പകർത്തി. നേരത്തെ പ്രസിദ്ധീകരണാനു മതി സർക്കാരിൽ നിന്നു വാങ്ങിക്കഴിഞ്ഞതിനാൽ ഇ.വാസുവിനെ സസ്പെന്റ് ചെയ്തില്ല. എഴുത്തിന് സർക്കാർ ജീവനക്കാർ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന സഭാനടപടിച്ചട്ടം തിരുത്തിയത് ഏതാനും വർഷം കഴിഞ്ഞ് ഇ എം.എസ്. മന്ത്രിസഭയുടെ കാലത്താണ്.
1965ലാണ് “ചുവപ്പുനാട ” സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധപ്പെടുത്തിയതു്. അന്ന് സംഘം സെക്രട്ടറി ഡി.സി. കിഴക്കേ മുറിയാണ്. റോയൽറ്റി കണക്കിൽ 500 രൂപ മാറ്റി വച്ച് ആവശ്യപ്പെടാതെ തന്നെ സംഘത്തിൽ അംഗമാക്കി. പിന്നീട് സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും വൈസ് പ്രസിസന്റും ഒക്കെയായ കഥ വേറെ. ഇ.വാസു “ആത്മകഥയുടെ അടരുകളിൽ “(പുറം 26 ) ഒരു കാര്യം തിരിച്ചറിയുന്നു:
“ചുവപ്പുനാട സൃഷ്ടിച്ച താൽപ്പര്യത്തിന്റെ മറവിൽ “ചോര ” എന്ന മറ്റൊരു നോവൽ പുറത്തിറക്കിയതു വഴി കഥയിലും നോവലിലും നിലനിൽപ്പില്ലെന്ന നില വരുത്തിയോ?”
എഴുത്തുകാരൻ്റെ ഈ സന്ദേഹം ഒരു തിരിച്ചറിവാണ്. കാലമാണ് ഇതിന് ഉത്തരം പറയേണ്ടത്! കാര്യമായ ഒരു പഠനം പോലും ഇ.വാസുവിന്റെ കൃതികൾക്കുണ്ടായിട്ടില്ല. അന്ന് ചുവപ്പുനാട യുടെ ആദ്യ കൈയെഴുത്തു പ്രതിയായ വെള്ളപ്പൊക്കം കുറെക്കാലം എം.ആർ. ചന്ദ്രശേഖരൻ കൈയ്യിൽ വച്ചു കൊണ്ടിരുന്നതിനെ ഓർത്തു കൊണ്ട് ഇ. വാസു എഴുതിയിട്ടുണ്ട്. “ചന്ദ്രശേഖരൻ്റെ നിർദ്ദേശം ഒരു വലിയ സാദ്ധ്യതയാണ് എനിക്കില്ലാതാക്കിയത്. എഴുത്തിൽ “ആധുനികത ” യുടെ ആർത്തവ രക്തം പൊടിച്ചു വരുന്ന കാലമാണത്. കഥാപാത്രത്തെ സൗന്ദര്യശാസ്ത്രപരമായി അയഥാർഥമെന്നു കണ്ട് സ്വന്തം കൃതികൾക്ക് തീവെച്ച കാഫ്ക്ക രീതിയുടെ അല്ലെങ്കിൽ കാമുവിൻ്റെ വേശ്യാലയത്തിലും മദ്യഷാപ്പിലും കയറ്റുന്നതിൻ്റെ മുന്നോടിയായി ഒരു ബാർബർ ഷാപ്പിൽ കയറ്റുന്നതിൽ അശ്ലീലം ഒന്നും തന്നെ ഇല്ലായിരുന്നു. അതുകൊണ്ട് ഒരു പുത്തരിക്കണ്ടം അവാർഡ് പോലും ആ കൃതിക്ക് ഇന്നേവരെ ലഭിച്ചില്ല.”
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe