ചാത്തന്നൂർ∙മന്ത്രി വി.ശിവൻകുട്ടി സ്കൂൾ തുറക്കുമ്പോഴുള്ള സന്തോഷവും ആകാംക്ഷയും കത്തിലൂടെ അധ്യാപകരുമായി പങ്കുവച്ച രണ്ടാം ക്ലാസ് വിദ്യാർഥിയെ കാണാൻ മന്ത്രി എത്തി. ഓൺലൈൻ ക്ലാസിലൂടെ മാത്രം കണ്ടിട്ടുള്ള അധ്യാപകരെ നേരിട്ടു കാണുന്നതിലുള്ള സന്തോഷം കെ.വേദ കത്തിലൂടെ അറിയിചു. ഇതേ തുടർന്നാണ് മന്ത്രി വി.ശിവൻകുട്ടി ഈ കൊച്ച് മിടുക്കിയുടെ വീട്ടിൽ എത്തിയത് . പാരിപ്പള്ളി കുളമട കുളക്കോട്ടുകോണം കൃഷ്ണതീർഥത്തിൽ ആർ.കൃഷ്ണ കുമാറിന്റെയും കെ.സുമിതയുടെയും രണ്ടാമത്തെ മകളായ വേദ പാരിപ്പള്ളി ഗവ.എൽപി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ശേഷം ഒരു ദിവസം പോലും സ്കൂളിൽ പോയിട്ടില്ല
സ്കൂൾ തുറക്കുന്നത് അടുത്തതോടെ മൊബൈൽ ഫോണിൽ മാത്രം കണ്ട് പരിചയമുള്ള അധ്യാപകരായ ശാരികയെയും നിമിഷയെയും കാണാമെന്ന സന്തോഷത്തിലാണ് കത്തെഴുതിയത്. തപാൽ മാർഗം കത്ത് അയയ്ക്കുന്നതിനു മുൻപ് വേദയുടെ മാതാവ് സുമിത, അധ്യാപികയ്ക്ക് മകളുടെ കത്ത് ഫോട്ടോയെടുത്ത് അയച്ചു. അധ്യാപിക വാട്സാപ് സ്റ്റാറ്റസാക്കി മാറ്റിയ കത്ത് സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ ശ്രദ്ധയിൽപെടുന്നത്
സ്കൂൾ തുറക്കുന്നതിനെ കുട്ടികൾ എത്രകണ്ട് സ്വാഗതം ചെയ്യുന്നെന്ന കുറിപ്പോടെ മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ വേദയുടെ കത്ത് പങ്കുവച്ചു. ഇന്നലെ ചാത്തന്നൂരിൽ സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി വേദയുടെ വീട്ടിൽ എത്തുകയായിരുന്നു. ‘‘ആരാണെന്ന് അറിയാമോയെന്ന്’’ മന്ത്രി ചോദിച്ചപ്പോൾ . ‘ശിവൻകുട്ടി അപ്പാപ്പൻ’ എന്നായിരുന്നു വേദയുടെ മറുപടി. ജി.എസ്.ജയലാൽ എംഎൽഎ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഷൈനി ഹബീബ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു