കോഴിക്കോട്: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി ധാരണാപത്രം ഒപ്പുവെച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാബു കെ തോമസ്, ഐഎസ് ഡിസി ഡയറക്ടര്‍ വേണുഗോപാല്‍ വി മേനോന് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ബികോം ഫിനാന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അഥവാ ബികോം പ്രൊഫഷണല്‍ ഡിഗ്രി പഠനം തുടരുന്നതിനിടെ തന്നെ എസിസിഎ നേടാന്‍ ഇതിലൂടെ ഐഎസ് ഡിസി സഹായിക്കും.
നിരന്തരവും കര്‍ശനവുമായ പരിശീലന പരിപാടികളും വെബിനാറുകളും സംഘടിപ്പിക്കുന്നതിലൂടെ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയുമായുള്ള സഹകരണം വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തില്‍ വ്യവസായാധിഷ്ഠിത നൈപുണ്യവും തന്ത്രങ്ങളും മാനേജ്മെന്റും സമഗ്രമായി മനസിലാക്കാന്‍ അവസരമൊരുക്കുമെന്ന് ഐഎസ് ഡിസി ഹെഡ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഷോണ്‍ ബാബു പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ധാരണാപത്രത്തിൻ്റെ കാലാവധിക്കിടെ സംഘടിപ്പിക്കുന്ന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ അധ്യാപകര്‍ക്കും തങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സാബു കെ തോമസ് പറഞ്ഞു.
കഴിഞ്ഞ 64 വര്‍ഷങ്ങളായി മലബാറിലെ പ്രമുഖ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്ന നിലയില്‍ മികച്ച നിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി. 2004-ല്‍ നാക്ക് അക്രെഡിറ്റേഷനില്‍ എ ഗ്രേഡും 2016-ല്‍ എ++ ഗ്രേഡും ലഭിച്ച കോളേജിനെ 2010-ല്‍ യുജിസി കോളേജ് വിത്ത് പൊട്ടെന്‍ഷ്യല്‍ ഫോര്‍ എക്സലെന്‍സ് ആയി അംഗീകരിച്ചിരുന്നു. 2014-ല്‍ കോളേജിന് സ്വയംഭരണാവകാശവും നല്കി.
ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യവും ലഭ്യമാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്ത്യയില്‍ സജീവ സാന്നിധ്യമുള്ള ഐഎസ് ഡിസി. സര്‍വകലാശാല ബിരുദത്തിനൊപ്പം വിദേശ അക്രെഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് ഭാവിയിലേക്കുള്ള അക്കാദമിക് ബിരുദങ്ങള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഐഎസ് ഡിസി 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്. യുകെ സ്കില്‍സ് ഫെഡറേഷന്, സ്കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി, വിവിധ സര്‍വകലാശാലകള്‍, യുകെയിലെ 25-ലേറെ പ്രൊഫഷണല്‍ സംഘടനകള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് അവയുടെ വിപണി വ്യാപനത്തിനും രാജ്യാന്തര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഐഎസ് ഡിസി പ്രവര്‍ത്തിച്ച് വരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe