സ്ഥാനത്തെളിയോൻ കോണത്തിരിക്കണം.ഇതൊരു ചൊല്ലായത് മലയാള ഭാഷയുടെ ഇന്നത്തെ അവസ്ഥ
യും മുൻകൂട്ടി കണ്ടിട്ടാവണം.താഴ്ന്ന നിലയിൽ കഴിഞ്ഞു കൂടുന്നവൻ വലിയവർ ചെല്ലുന്ന സ്ഥലങ്ങളിൽ ചെല്ലാതെ വീട്ടിന്റെ കോണിൽ അടങ്ങിയൊതുങ്ങി ഇരുന്നു കൊള്ളണം. അവൻ വലിയവർ കൂടുന്ന സ്ഥലങ്ങളിൽ ചെന്നാൽ അവനെ ആരും ഗണിക്കുകയില്ല. അവന് ഇച്ഛാഭംഗവും അപമാനവും അനുഭവിക്കേണ്ടിവരും. ഇതേ അവസ്ഥയല്ലേ ഇന്ന് മലയാളത്തിന്.
കോണത്തിരിക്കുകയാണ് ഭാഷ. അന്നും ഇതു തന്നെ. എ.ആർ. രാജരാജവർമ്മയെ ഭാഷാ സൂപ്രണ്ടാക്കി യൂണിവേഴ്സിറ്റി കോളേജിന്റെ കോലായിലെ മൂലയിൽ ഒരു മേശയും കൊടുത്ത് കസേരയിലിരുത്തിയവർ തന്നെയാണ് ഇന്ന് പള്ളിക്കൂടത്തിൽ മലയാളം പഠിക്കാത്തവരെക്കൊണ്ട് മലയാളം ക്ലാസ്സെടുപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മലയാളം പഠിപ്പിക്കാൻ മലയാളത്തിലെന്ത് പരിജ്ഞാനം വേണമെന്നാണ് ലവന്മാരുടെ ചോദ്യം. കുട്ടികൾക്ക് കഥപഞ്ഞുകൊടുത്ത് ചിരിപ്പിക്കുന്നവരല്ലേ മലയാളം വാദ്ധ്യാന്മാരെന്ന യേമാന്മാരുടെ പരിഹാസബുദ്ധിയാണ് അതിന് പിന്നിൽ.
ശരിയാണ്! താഴ്ത്തിക്കൊയ്യുന്നവന് ഏറെ ചുമക്കേണ്ടിവരും. അതാണിപ്പോൾ കാണുന്നത്. മലയാളത്തിന് വേണ്ടി മുറവിളി കൂട്ടുന്തോറും അതിനിട്ടു പണി കൊടുക്കുന്ന ഐ.എ.എസ്സുകാരുടെ പണിയല്ലേ ഈ ഉത്തരവുകൾ.പട്ടി കുരച്ചാലൊന്നും പടി തുറക്കുന്ന സെക്രട്ടേറിയറ്റല്ല
ഇന്നത്തേത്. നീണ്ടവലിയ വടിയുമായി നിൽപ്പുണ്ട് ചുവപ്പ് പുതച്ച അമിത് ഷായുടെ പോലീസ് ! ഭരിക്കുന്നതു് പുരോഗമനക്കാരാണെങ്കിലും പോലീസ് മറ്റേതല്ലേ!
പട്ടിണിക്ക് ചീട്ടു വാങ്ങി സെക്രട്ടേറിയറ്റ് നടയിൽ കുരയ്ക്കാമെന്നല്ലാതെ വാതിൽ തുറക്കില്ല. ഇപ്പോഴത്തെ സർക്കാരിന്റെ നയം തന്നെ അതല്ലേ? പടുമുളയ്ക്ക് വളം വേണ്ടന്ന് തിരിച്ചറിയുക. പട്ടിയെ വിറ്റു കിട്ടിയ കാശുകൊണ്ട് കുരപ്പിക്കാനവർക്കറിയാം. പട്ടിയെന്തിന് പിന്നെ ?ഇതല്ലേ ഇപ്പോൾ നടക്കുന്ന സ്കൂളിലെ മലയാള പഠനവും. ഡമ്മി വച്ചുള്ള കളിയാണെല്ലാം!ഇന്നത്തെ സ്കൂളുകളിലെ മലയാള പഠനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.കേരളത്തിലെ എൽപി /യു പി സ്കൂളുകളിൽ, പത്താംതരം വരെ ഒരു ക്ലാസ്സിലും മലയാളം പഠിക്കാത്ത ആളുകൾ മലയാളം പഠിപ്പിക്കാനും മലയാളത്തിലൂടെ പഠിപ്പിക്കാനും നിയോഗിക്കപ്പെടുകയാണ്. പഠിക്കുന്നതിനു മുമ്പേ അവരെയൊക്കെപ്പിടിച്ച് ഗുരുക്കളാക്കുകയാണ് സർക്കാർ! കണിയാനെപ്പിടിച്ച് തെങ്ങിൽ കയറ്റുന്നവിദ്യ.
അല്ലെങ്കിൽ മലയാളം നേരെ ചൊവ്വേ പഠിക്കാത്തവരെക്കൊണ്ട് സ്കൂളിൽ മലയാളം പഠിപ്പിക്കാൻ 2017 ൽ ഉത്തരവ് പുറപ്പെട്ടുവിക്കുമോ. മലയാളം പഠിക്കാത്തവരെക്കൊണ്ട് മലയാളം ക്ലാസ് എടുപ്പിക്കാമെന്നാണ് ഉത്തരവ്. നേരെ ചൊവ്വേ മലയാളത്തിൽ വിഷയങ്ങൾ പറഞ്ഞു കൊടുക്കുവാനറിയാത്ത അദ്ധ്യാപകരെയാണ് വ്യാകരണം ഉൾപ്പെടെ പഠിപ്പിക്കാൻ നിർബന്ധിക്കുന്നത്. ഇതാരോടുള്ള കലി തീർക്കാൻ.
മുഖ്യൻ ഒന്നു പറയുന്നു, മലയാളത്തിന് തടയിട്ടു കൊണ്ട് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം മറ്റൊന്നു ചെയ്യുന്നു. ചുരുക്കത്തിൽ ഭരണത്തെ പരിഹസിക്കുന്നു.
1959 മുതൽ ഉണ്ടായിരുന്ന KER (കേരളവിദ്യാഭ്യാസചട്ടം) വ്യവസ്ഥ നിലനിർത്തുകയാണ് വേണ്ടത്. അതായതു്
ടിടിസി കാലം മുതൽ ഉള്ള പ്രവേശന മാനദണ്ഡങ്ങൾ നിലനിർത്തുക. പിള്ളയെ കുളിപ്പിച്ചു കുളിപ്പിച്ച് ഇല്ലാതാക്കുന്ന നയ കോവിദന്മാരാണ് സെക്രട്ടേറിയറ്റ് വാഴുന്നത്.ശരിയായ അർത്ഥത്തിൽ പൊതുവിദ്യാഭ്യാസത്തിന്റെ അടിക്കല്ലിളക്കുകയും കുഞ്ഞുങ്ങളുടെ പ്രാഥമികതലപഠനത്തിന്റെ അടിവേരറുക്കുകയും മലയാളത്തിന്റെ കൂമ്പൊടിക്കുകയും ചെയ്യുന്ന രണ്ട് ഉത്തരവുകളാണ്
2017, 18 കാലഘട്ടത്തിൽ പുറത്തിറങ്ങിയിട്ടുള്ളവ.ഉത്തരവുകളും നിയമനങ്ങളുമൊക്കെ രായ്ക്കുരാമാനം തകൃതിയായി അങ്ങ് നടക്കുകയല്ലേ.! അരിയെത്ര എന്ന് ചോദിച്ചു കൊണ്ടു ചെല്ലുന്നവരെ പയറഞ്ഞാഴി എന്ന് ഉത്തരം കൊടുത്ത് നിയമസഭയിൽ ഇളിച്ചു കാണിച്ചിരുത്തുന്ന ഒരു മുഖ്യനെയല്ലേ കുറെക്കാലമായി ടി.വി.യിൽ കാണുന്നത്.
അല്ലെങ്കിൽ മാതൃഭാഷയായ മലയാളത്തിനുവേണ്ടി ഭരണകക്ഷിയുടെ പോഷകമ്മാർ ഇങ്ങനെ തെരുവിലിറങ്ങേണ്ടി വരുമായിരുന്നോ ?ഉമ്മറത്തെപ്പല്ലുകൊണ്ട് ചിരിക്കുകയും അണപ്പല്ലുകൊണ്ട് ഉറുമ്മുകയും ചെയ്യുന്ന സർക്കാർ ഉള്ളം കയ്യിൽ നിന്ന് രോമം പറിച്ചെടുക്കുകയല്ലേ വാസ്തവത്തിൽ ചെയ്യുന്നത്!നവംബർ ഒന്നായ ഇന്ന് തീപ്പൊരിവരും!തീപ്പൊരി കുളിരു മാറ്റുകയൊന്നുമില്ല. നമ്മുടെ ഭാഷാനിയമം നവംബർ ഒന്നിന് തെറുപ്പിക്കുന്ന തീപ്പൊരി മാത്രമാണ്.മലയാളം കേരളത്തിലൊരു
പുറംപോക്കായതെങ്ങനെ എന്നാലോചിച്ചിട്ടുണ്ടോ? കാലാകാലങ്ങളിൽ ഭരണത്തിൽവന്ന ഘടക കക്ഷികളാണിതിനെ വഷളാക്കിയത്. ഇംഗ്ലീഷ് പക്ഷപാതികളായ കുറെ സെക്രട്ടറി ഗുണാൺഡ്രൻമാരും.
തെങ്ങുള്ള നാട്ടിൽ തേങ്ങയും കൊണ്ടു പോകുന്ന പേങ്ങന്മാരെപ്പറ്റി എന്തു പറയാൻ!
തേവരുണ്ടാൽ തേക്കില നക്കും. തേവരുടെ നിവേദ്യം കഴിഞ്ഞാൽ തേക്കിലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോറെടുത്ത് ഭക്ഷിക്കുംഒടുവിൽ ലവന്മാരെല്ലാം കൂടി തേവരെ വിറ്റുത്സവം ഘോഷിക്കും. ഇതാണ് നമ്മൾ നാട്ടിൽകണ്ടു കൊണ്ടിരിക്കുന്നതു്.നോക്കണേ, കോവിഡ് ഭീതി ഒഴിഞ്ഞു പോയിട്ടില്ലാത്ത സാഹചര്യത്തിലും ഈ സമരം ഭാഷാ സ്നേഹികൾ ഏറ്റെടു ത്തതിൽ നിന്നു തന്നെ അതിന്റെ പ്രസക്തിയും ആവശ്യകതയും അത്രമേൽ പ്രധാനപ്പെട്ടതായതു കൊണ്ടാണ്. ചിലർ വിചാരിക്കുന്നുണ്ടാവാം.കുറെ ഭാഷാ തീവ്രവാദികളുണ്ട്. ഭാഷയുടെ പേരും പറഞ്ഞ് അടൂരിനേയും കൂട്ടി പി.എസ്.സി. ആപ്പീസിനുമുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും ചെന്നിരുന്ന് പട്ടിണി കിടക്കുന്നവരെന്ന്.
എടുക്കാവുന്നതേ ചുമക്കാവൂ ദഹിക്കാവുന്നതേ ഭക്ഷിക്കാവു എന്നൊക്കെ അവർ ആക്ഷേപിച്ചാലും ഭാഷ അവമതിക്കപ്പെടുമ്പോൾ സ്വന്തം തള്ളയെ നടക്കിരുത്തു ന്ന “ചാപിളള ക്കൊച്ചങ്ങത്താ”ന്മാരുടെ ഫ്യൂസ് ഊരാൻ സന്നദ്ധത പ്രകടിച്ച ഭാഷാ പോരാളികളെ അഭിനന്ദിക്കുക തന്നെ വേണം. മലയാളത്തിന്റെ മാനം കാത്തുസൂക്ഷിക്കുന്നത് ഈ സമരക്കാരാണെന്ന് പിന്നീട് അവർക്ക് ബോധ്യമാകും. പണ്ട് തിരുവിതാംകൂറിൽ റാവുമാര് ദിവാന്മാരായി വന്ന് സ്വദേശികളുടെ മേൽ നിരങ്ങിയ കഥയിലേക്ക് പോകണോ?
നവംബർ ഒന്നുമുതൽ ആറുവരെ മാതൃഭാഷാ വിരുദ്ധമായ ഉത്തരവുകൾ പിൻവലിക്കുക എന്ന ആവശ്യം മുൻനിർത്തി പ്രതിഷേധ പരിപാടികളിലാണ് മലയാളം സ്നേഹികൾ. മുണ്ടുടുത്ത് തരുണന്മാർക്കും കേരള സാരി ചുറ്റി തരുണികൾക്കും ഫാഷൻ പരേഡ് നടത്താനുള്ളതു മാത്രമല്ലകേരളപ്പിറവി ദിനം. മലയാള ഭാഷയുടെ കടക്കൽ കത്തി വയ്ക്കുന്നവന്മാരുടെ കൊരവളയ്ക്കു ഭാഷകൊണ്ട് കുത്തിപ്പിടിക്കാൻ കൂടിയുള്ളതാണ് ഈ ദിനം.
എന്തായാലും ആശ്വാസത്തിന് വകയുണ്ട്. പുരോഗമനകലാ സാഹിത്യസംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ കലാ സാഹിതി തുടങ്ങിയ ഇടത് ജനകീയ പ്രസ്ഥാനങ്ങളും എൻ ജി ഒ യൂണിയൻ, കെ.എസ്.ടി.എ, ജോയിന്റ് കൗൺസിൽ, തുടങ്ങിയ സർവ്വീസ് സംഘടനകളും ഇതര തൊഴിലാളി സംഘടനകളും മാതൃഭാഷയ്ക്കു വേണ്ടിയുള്ള ഈ ജൈവസമരത്തിൽ നേതൃത്വപരമായ പങ്കു വഹിക്കുന്നു. ഇടതന്മാരുടെ പോഷക സംഘടനകൾക്ക് ഈ ഗതി വന്നല്ലോ എന്നോർക്കുമ്പോഴാണ് വിളവ് തിന്നാൻ വേലി തന്നെ വന്നോ എന്ന് നമ്മൾ മൂക്കത്തു വിരൽ വച്ചു പോകുന്നത്.
അധികം കൂകുന്ന കോഴി അല്പമേ മുട്ടയിടു എന്നു കേട്ടിട്ടുണ്ട്. അധികം അനന്തരവരുള്ള കാരണവർ വെള്ളമിറങ്ങാതെ ചാകുമെന്നും. ഇനി ഈ സമരവും അങ്ങനെയായിത്തീരുമോ!
ഒരിക്കലും അങ്ങനെയാവാൻ തരമില്ല. പി.എസ്സ്.സിക്കു മുമ്പിൽ തിരുവോണം വെടിഞ്ഞ് ഭാഷക്ക് വേണ്ടി മുറവിളി കൂട്ടിയ അർപ്പണധീരന്മാരാണ് ഈ സമരം നയിക്കുന്നത്. കസേര മോഹികളല്ല.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നവംബർ ഒന്നിന് രാവിലെ അതായതു് ഇന്ന് രാവിലെ മലയാളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണൻ സമരത്തിന്റെ സംസ്ഥാന തലഉദ്ഘാടനം നിർവ്വഹിക്കും.ഇത് അടൂർ സിനിമയുടെ പ്രദർശനമല്ല. മലയാളത്തിന് എടുത്തുയർത്താൻ ഇത്തരം മലയാള സമരങ്ങളിൽ ഒപ്പം നിൽക്കാൻ എന്നും കരളുറപ്പു കാട്ടുന്ന കലാകാരന്മാരിൽ മുൻപന്തിയിലാണ് അടൂർ!അരി നാഴിയേയുള്ളൂ എങ്കിലും അടുപ്പുകല്ല് മൂന്ന് വേണം എന്ന മട്ടിലാണ് സർക്കാരിന്റെ പരസ്യങ്ങൾ പോലും! വീരവാദങ്ങൾക്കും ഉത്തരവുകൾക്കും ഒരു പഞ്ഞവുമില്ല. എന്നാൽ ഇരുളിന്റെ മറവിൽ ഇറങ്ങുന്ന ഉത്തരവുകൾക്ക് അൽപ്പായുസ്സേയുള്ളൂ. ഇത്രയൊക്കെ മുറവിളി കൂട്ടിയിട്ടും അഭ്യാസം കാണിച്ചിട്ടും ഇപ്പോഴും മലയാളം പഠിക്കാത്തൊരുത്തന് പി എസ്സ് സി വഴി ജോലി നേടാവുന്ന സാഹചര്യം കേരളത്തിലുണ്ട്. മറ്റേത് സംസ്ഥാനത്ത് മാതൃഭാഷ പഠിക്കാത്തവന് ജോലി കിട്ടും?
എന്തിന് മേധാവിയായിചില്ലറ കൊടുത്ത് പറഞ്ഞയക്കാതെ ,ചട്ടങ്ങൾ മറികടന്ന് മലയാളം ലക്സിക്കന്റെ മേധാവിയായി മലയാളം എഴുതാനും വായിക്കാനുമറിയാത്ത ബന്ധു നിയമനം ശരിവച്ച
ല്ലേ മലയാളത്തെ ഭരണം പോഷിപ്പിക്കുന്നത്.ഇതാണ് പറയുന്നത് ചിരിക്കാനൊരു പല്ലും ചവക്കാനൊരു പല്ലും സർക്കാരിനുണ്ടെന്ന്.ആയിരംതെങ്ങുള്ള നായർക്ക് പല്ലുകുത്താൻ ഈർക്കിലില്ല എന്നു പറഞ്ഞതുപോലെയായി കാര്യങ്ങൾ! സർവ്വത്ര മലയാളമയം. പക്ഷേ, എവിടെയങ്കിലും മലയാളം നടപ്പിലായിട്ടുണ്ടോ എന്നൊന്ന് ഇറങ്ങി അന്വേഷിക്കുക.
അരക്കാശിന് കുതിരയും വേണം അക്കരക്കത് ചാടുകയും വേണമെന്ന് പറഞ്ഞാൽ മതിയോ ? മലയാളം പഠിച്ച അദ്ധ്യാ കരെത്തന്നെ പ്രാഥമിക ക്ലാസ്സുകളിൽ നിയമിക്കണം. ചിലവ് ചുരുക്കാനാണ് പദ്ധതിയെങ്കിൽ പള്ളിക്കൂടങ്ങൾ എന്തിന്?കേരളത്തിൽ ഭാഷാ പഠനം കാര്യക്ഷമമാക്കാത്തതിന്റെ ഉദാഹരണങ്ങൾ നമ്മൾ നിത്യവും കാണുന്ന തല്ലേ.?മലയാളഭാഷ ശരിക്കു പഠിക്കാത്തതിന്റെ വിളയാട്ടങ്ങൾ ചില മന്ത്രിമാരുടെ വായിൽ നിന്നു വരെ നമ്മൾ കേട്ടു ചിരിക്കുന്നില്ലേ ?അയൽ വീട്ടിലെ ചോറു കണ്ട് പട്ടിയെ വളർത്തുന്ന കേരളീയർക്ക് പണ്ടേ ഉള്ള ശീലമല്ലേ കോന്തപ്പൻ കുടിക്കുമ്പോൾ കോരപ്പന് ലഹരി കേറുന്നത്?
എന്നാൽ ഭാഷാ സ്നേഹികൾ നോക്കണേ ഏട്ടിൽ നിന്ന് റോട്ടിലേക്ക് വരികയാണ്. പെരുവഴിയിലേക്ക്. ഇത് ഏതെങ്കിലും ദേശത്തു നടക്കുമോ? മാതൃഭാഷക്കുവേണ്ടി സഹികെട്ട് തെരുവ രുകിൽ കുത്തിയിരിക്കുന്നത്.?ഇനിയുള്ള മൂന്നു ദിവസങ്ങളിലായി (2, 3, 5) കേരളത്തിലെ 12 ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ നടക്കും. 6 ന് കോഴിക്കോട് സമരം സമാപിക്കും. എന്നുവച്ചാൽ ഒന്നാം ഘട്ടം തീരുമെന്നർഥം.ഇഷ്ടം മുറിഞ്ഞാൽ ഒട്ടാൻ പ്രയാസമാണ്. അങ്ങനെ സർക്കാരിന്റെ ഇഷ്ടം മുറിക്കാനൊന്നും പോകുന്നില്ല. ഇട്ടും വച്ചു പോകാനും മേലാ കൊത്തിക്കൊണ്ടു പറക്കാനും മേലാ എന്ന അവസ്ഥയിലായിരിക്കണം ഇടതനുഭാവമുള്ള സംഘങ്ങളെല്ലാം ചേർന്നതു്.
പ്രതിപക്ഷ പോഷക സംഘങ്ങൾക്കൊന്നും ഈ കൂട്ടായ്മ വേണ്ടേ ? നട തള്ളിയതള്ളയ്ക്ക് രാവിലെ മസാൽ ദോശയും ഉച്ചക്ക് ചോറും രാത്രി കഞ്ഞിയും വാങ്ങിക്കൊടുത്ത് ആ മക്കൾക്ക് ഒത്താശ ചെയ്യാനാണോ ഭാവം? അല്ലെങ്കിൽ ഇവന്മാർ എവിടം വരെ പോകുമെന്ന് നോക്കിയിട്ട് ഇറങ്ങാമെന്നു കരുതി മിണ്ടാതിരിക്കുകയാണോ? ചെല്ലം പോയെങ്കിലും താക്കോലും കൈയ്യിൽപ്പിടിച്ച് നടക്കുന്നവന്മാരല്ലേ നമ്മുടെ പ്രതിപക്ഷം. ജാരനേയും ചോരനേയും പാമ്പുകടിക്കുകയില്ല എന്ന ചൊല്ല് എന്ത് അർഥവത്താണ്. അതിവിടെ കോൺഗ്രസ്സിനേയും ബിജെപിയെയും എന്നാക്കിയാൽ മതി. പഴി ഇരുകൂട്ടർക്കും വെവ്വേറെയില്ല.
രണ്ടിനേയും പാമ്പുകടിക്കുകയില്ല.
കടിച്ചതൊക്കെ കരിമ്പും പിടിച്ചതൊക്കെ പുളിങ്കൊമ്പുമായി ഇരുപാർട്ടികളും നടപ്പുണ്ട്. എന്നാൽ സ്ഥിതിയോ? കഞ്ഞി കുടിച്ചു കിടന്നാലും മീശതുടക്കാനാളുവേണം. അതാണ് അവസ്ഥ.
ആ വിഷയം വിടാം.കേരളീയരെ ജാതിമതങ്ങൾക്കതീതമായി ഒരൊറ്റ ജനതയായി ഉയിരേകി ഐക്യപ്പെടുത്തി നില നിർത്തുന്ന ഒരേ ഒരാത്മശക്തി നമ്മുടെ മാതൃഭാഷയായ മലയാളമാണ്. കേരളത്തിൽ മതേതരത്വത്തിന്റെ മുദ്രയാണ് മലയാളം. അതിനെ ഇംഗ്ലീഷു കൊണ്ട് വെട്ടാനോ ഹിന്ദി കൊണ്ട് നുറുക്കാനോ അറബിയിൽ കെട്ടിപ്പൊതിഞ്ഞ് ദൂരെക്കളയാനോ ആരും മനക്കോട്ട കെട്ടണ്ട.
ഓടുന്നവന് വഴിയൊന്ന്. തേടുന്നവന് വഴിയൊൻപതു്.തേടുന്നവന് വഴിമാറിക്കൊടുക്കുകയായിരുന്നു ഇത്രയും കാലം മലയാളം. അത് വന്നു വന്ന് നാണം കെട്ടവനേ കോലം കെട്ടൂ എന്ന മട്ടിലാക്കിയതാരാണ്? കേരളം മാറിമാറി ഭരിച്ച സർക്കാരുകൾ.അതിന്റെ പുതിയ പതിപ്പല്ലേ സ്ക്കൂളിൽ മലയാളം പഠിക്കാത്ത സാറന്മാരെ ഉന്തിത്തള്ളി മലയാളം പഠിപ്പിക്കാൻ വിടുന്നതു്. നാണം കെട്ടുള്ള ഈ കോലം കെട്ടലാണ് ഇന്ന്.
സ്ക്കൂളുകളിൽ നടക്കുന്നത്. മലയാളം ക്ലാസ്സുകളെടുക്കാൻ നിയോഗിക്കപ്പെടുന്ന മലയാളമറിയാത്ത അദ്ധ്യാപകരെക്കൊണ്ട് അധികൃതർ മലയാള ഭാഷയെ യും നാണം കെടുത്തുകയല്ലേ?
“ആളു നോക്കണ്ടടീ കോളു നോക്കിയാ മതി.” എന്ന് പറയിപ്പിക്കുന്നതാരാണ്? മറ്റേപ്പണിക്കിറക്കുന്ന ലാഘവത്തോടെ നായ്ക്കോലം കെട്ടിയാൽ കുരക്കാൻ മടിക്കുന്നതെന്തിന് എന്ന് പറയിപ്പിക്കുന്ന ഉത്തരവുകളല്ലേ പള്ളിക്കൂടത്തിൽ സർക്കാർ ഇറക്കിയിരിക്കുന്നത് ?
പണ്ടൊക്കെ നാലാൾ പറഞ്ഞാൽ നാടും വഴങ്ങുമായിരുന്നു. ഇപ്പോൾ വിദ്യാഭ്യാസ നയത്തിൽ തന്നെ എൽ.പി. /യു.പി. മലയാള ഭാഷാപഠനം തനിയെ ഉഴുന്ന പന്നിയ്ക്ക് മേൽ കലപ്പ വയ്ക്കുന്ന ഏർപ്പാടാണ്. അത്ര ഗൗരവമേ ഭാഷാ പഠനത്തിന് കൊടുത്തിട്ടുള്ളൂ.നാം കേരളീയർ ജീവിക്കുന്ന ഇടം മലയാളമാണ്. ശരി. മലയാളത്തിനെതിരെയുള്ള ഏതു നീക്കവും നാം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്. എന്നാൽ സർക്കാർ ഉത്തരവുകൾക്കുണ്ടോ പഞ്ഞം ? തലതാഴ്ത്തിയാൽ കഴുത്തിൽ കയറും ഉയർത്തിയാലോ കാൽക്കൽ വീഴും. ഇതാണ് അതാത് ഭരണക്കാലത്തെ ഉദ്യേഗസ്ഥവൃന്ദം. പല്ലില്ലെങ്കിൽ തൊണ്ണ വരെ കയ്യിടുന്ന കൂട്ടർ.
ഭരിക്കുന്നവർക്കാണങ്കിലോ പറഞ്ഞു കൊടുക്കാനാളുണ്ട് ചെയ്തു കൊടുക്കാനാളില്ല.
കുറെക്കാലമായി കണ്ടുവരുന്നത്, ഭാഷാവാരത്തിന് പഴം നീട്ടിയിട്ട് പിന്നെ തൊലി കൊടുക്കുന്ന ഏർപ്പാടാണ് സർക്കാരിന്റേത്.
പശിക്കുമ്പോളച്ചി പശു ക്കയറും തിന്നുമെന്ന് അവർക്കറിയില്ല. ഗതികെട്ടവരുടെ സമരമാണിപ്പോൾ നടക്കുന്നത്.
അളമുട്ടിയവരുടെ സമരം.മലയാളത്തിനുവേണ്ടി ആണ്ടിൽ ഒരേ ഒരു ദിവസം കസവുടുത്ത് പാട്ടുപാടി തിരുവാതിരയാടി വാവുബലിയിടുകയല്ല വേണ്ടതെന്ന വർ പറയുന്നു.. മലയാളം മറ്റൊരു ഭാഷയുടെയും ശത്രുവല്ല. ഇംഗ്ലീഷ് വേണ്ടന്നവർ പറയുന്നില്ല. മലയാളത്തിൽ ചെറിയ ക്ലാസ്സുകൾ മുതൽ പഠിപ്പിച്ച് ഉറപ്പിക്കാൻ പറയുന്നതൊരു തെറ്റാണോ ? ബോധനമാദ്ധ്യമം മലയാളത്തിലായാൽ എന്താണ് തകരാറ്! തല കുലുക്കി സമ്മതിക്കും. നടപ്പാക്കാൻ മുട്ടിടിക്കും!
കേരളത്തിൽ ജീവിക്കുന്ന കുഞ്ഞുങ്ങൾ മലയാളം പഠിക്കാതെ വളരണം എന്ന ശാഠ്യമാണ് ചിലർക്ക് . “നടക്കുന്ന മനുഷ്യനും പറക്കുന്ന കാക്കയ്ക്കും ചികയുന്ന കോഴിക്കും മേയുന്ന പശുവിനും ഓടുന്ന പട്ടിക്കും എത്രകാലുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് മലയാളിക്കുഞ്ഞുങ്ങൾ എണ്ണം പഠിച്ചു തുടങ്ങുന്നത്, ഭാവിയിലെ സങ്കീർണ്ണഗണിതസമവാക്യങ്ങളിലേക്കു കടക്കാൻ” മലയാള ഭാഷാ സ്നേഹത്തിന്റെ ലഘുലേഖയിലെ സുന്ദരമായ മലയാളമാണിത്. നന്നായി കൊച്ചിലേ മലയാളം പഠിച്ചതിന്റെ പൂക്കളാണിവ. നടക്കുന്നതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാൻ മാതൃഭാഷയെ പടിയടച്ച് പിണ്ഡം വയ്ക്കാൻ തുനിഞ്ഞിറങ്ങിയ ചില സിവിൽ സർവ്വീസ് പുംഗവന്മാരുണ്ട്. നഗ്ന ലോകത്തെ വെളുത്തേടന്മാർ. ലവന്മാരാണ് ഇതിന് കാരണക്കാർ. അല്ലെങ്കിൽ മുഖ്യന്റെ ഉത്തരവിന് പുല്ലു വില പോലും കൽപ്പിക്കാത്ത ലവന്മാരെ കഴുത്തിന് പിടിച്ച് പുറത്തു തള്ളാൻ മുട്ടിടിക്കുന്നവരല്ലേ ഭരണാധിപന്മാർ.
എല്ലാരും കൂടി മുക്കി മുക്കി എന്റെ മോളേ പ്രസവിപ്പിക്കണ്ട എന്നു ലവന്മാരുടെ മുഖത്തു നോക്കി പറയാനുള്ള ആർജവം എത്ര ഭരണാധിപന്മാർക്കുണ്ട്? ഏങ്ങുന്ന അമ്മക്ക് കുരക്കുന്ന അച്ഛൻ!നമുക്ക് പ്രശ്നത്തിലേക്കുവരാം. പള്ളിക്കൂടങ്ങളിൽ മലയാളമറിയുന്നവർ മലയാളം പഠിപ്പിക്കണ്ട എന്ന് ഏതുത്തരവിലൂടെ തീരുമാനിച്ചാലും ആ ഉത്തരവുകൾ ചന്തി തുടക്കാനെടുക്കാം. എന്നിട്ട് ഫ്ലഷിലിട്ടടിക്കാം!തീ കായുന്നവൻ പുക പൊറുത്തേ പറ്റു എന്നു കരുതി പച്ച വിറകിട്ട് തീ കൂട്ടാൻ നോക്കിയാൽ ആ പുക മുഴുവൻ കൊള്ളണമെന്നോ.മർത്ത്യനു തൻഭാഷ പെറ്റമ്മയാണ് എന്നു പാടിയ മഹാകവി പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അതേ കവിതയിൽ പറഞ്ഞിട്ടുണ്ട്
കെൽപ്പും നടപ്പും പരപ്പുമവർക്ക്
മാതൃ ഭാഷയിലൂടെയേ കിട്ടൂ എന്ന്!
നമ്മുടെ കുഞ്ഞുങ്ങളെ ചിന്താശേഷിയുള്ളവരായി വളർത്താൻ അവരെ മാതൃഭാഷയിൽ ജീവിച്ചു തുടങ്ങാൻ പ്രേരിപ്പിക്കണം. കേരളം മലയാളത്തെ ഉണ്ടാക്കുകയായിരുന്നില്ല.മലയാളം കേരളത്തെ ഉണ്ടാക്കുകയായിരുന്നു.ഇന്ന് മുതൽ നടക്കുന്ന മലയാള സമരത്തന് സംസ്കൃതത്തിൽ ഒരു ന്യായമുണ്ട്:
“കംബള നിർണ്ണേജന ന്യായം”
കാര്യമെന്താണെന്നോ.
കല്ലിലിട്ട് അടിച്ച് വസ്ത്രത്തിന്റെ അഴുക്കു കളയുമ്പോൾ അതോടു കൂടി കല്ലിലെ അഴുക്കും പോകും. ഒരു കാര്യത്തിൽ നിന്ന് രണ്ടു ഫലങ്ങൾ ഉണ്ടാക്കുന്നു.മനസ്സിലായിക്കാണുമല്ലോ. ഈ സമരത്തിൽ ഭരണാനുകൂല സംഘടനകൾ രംഗത്തു വരുമ്പോൾ ആ ന്യായത്തിന് പ്രസക്തിയേറുന്നു.മലയാളത്തെ രക്ഷിക്കുകയും ചെയ്യാം പിണറായി സർക്കാരിന്റെ ഭരണക്കല്ലിലെ അഴുക്കു മാറിക്കിട്ടുകയും ചെയ്യും!
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe