ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില നാളെയും വർധിപ്പിക്കും. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിക്കുക. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമാകും. ഞായറാഴ്ച അർധരാത്രി മുതൽ പുതുക്കിയ വില നിലവിൽ വരും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയത് ഡീസലിന് 8.75 രൂപയും പെട്രോളിന് 7.83 രൂപയും. ഒരു മാസത്തിനിടെ ഏഴു ദിവസം മാത്രമാണ് വില വര്‍ധിക്കാതിരുന്നത്. ഈ മാസം ഒന്നിന് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102. 32 രൂപയും ഡീസലിന് 95.34 രൂപയുമായിരുന്നു. പെട്രോളിന് ഈ വർഷം ഇതുവരെ കൂടിയത് 25 രൂപ 87 പൈസയാണ്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചിരുന്നു. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്.
രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയിൽ ഉടനെ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ. കേന്ദ്രസർക്കാർ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും വിലയിൽ പെട്ടന്ന് കുറവുണ്ടാകില്ല.
















