ഔദ്യോഗിക ജീവിതത്തിലുടനീളം ഒത്തിരി രാഷ്ട്രീയക്കാരോട് ഇടപഴകേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒന്നിച്ച് ജോലി ചെയ്യേണ്ടി വന്നിട്ടില്ലാത്ത ജി. കാർത്തികേയൻ എന്ന വ്യക്തിയെ പറ്റി പരാമർശിക്കാതെ ഉടഞ്ഞ ചില്ലുപാത്രം പോലെ ചിതറി കിടക്കുന്ന എന്റെ ഓർമകൾ പൂർണമാകില്ല.
സത്യത്തിൽ രാഷ്ട്രീയ നേതാവ്, മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിലൊന്നുമല്ല ജി.കെ യെ ഞാൻ അടയാളപ്പെടുത്തുക. കുറെക്കൂടി സൗമ്യമായ ഒരു ഹൃദയബന്ധത്തിൻ്റെ നാരുകളിൽ ഓർമകൾ കൊരുത്തിനിടാനാണ് എനിക്ക് ഇഷ്ടം.
ജി.കെ യുടെ ഭാര്യ എം.ടി സുലേഖ എന്ന സുലേഖ ടീച്ചറുമായുള്ള എന്റെ സൗഹൃദത്തിന് മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കോളേജ് അധ്യാപികയായിരുന്ന ടീച്ചറും വിദ്യാർത്ഥിയായിരുന്ന ഞാനും ഒരേ കാലത്ത് ഒരേ ഗൈഡിന്റെ കീഴിൽ മലയാള സാഹിത്യത്തിൽ ഗവേഷണത്തിനായി കാര്യവട്ടത്ത് ഉണ്ടായിരുന്നു. രാഷ്ട്രീയത്തെക്കാളുപരി സാഹിത്യ ചർച്ചകളും എഴുത്തിൻ്റെ രസതന്ത്രവുമായിരുന്നു ഞങ്ങൾക്ക് പഥ്യം. അക്കാദമിക് സ്വഭാവമുള്ള വാഗ്വാദങ്ങൾക്കിടയിലും ഫലിതത്തിൻ്റെ മേമ്പൊടി ചാലിച്ച് രസകരമാക്കി തീർത്ത ഒരുപാട് നിമിഷങ്ങൾ! ടീച്ചർ ഗവേഷണം പൂർത്തിയാക്കി ഡോക്ടർ എന്ന പദം പേരിൻ്റെ മുന്നിൽ ചേർത്തപ്പോഴും ഞാൻ ഉഴപ്പി നടന്നു. അധ്യാപക വേഷത്തോട് അത്ര പ്രതിപത്തി പണ്ടേയില്ലാത്തതിനാൽ പിന്നീട് സർക്കാരിൻ്റെ പബ്ളിക് റിലേഷൻസ് വകുപ്പിലേക്ക് ഞാൻ ചേക്കേറി. അപ്പോഴേയ്ക്കും ഞങ്ങൾ ശാസ്തമംഗലത്ത് നല്ല അയൽക്കാരായി മാറിയിരുന്നു.
70 കളുടെ അവസാനത്തിലാണെന്നാണ് ഓർമ, എന്റെ നാടായ ആലപ്പുഴയിൽ സോമരാജൻ എന്ന കയർ മുതലാളിയെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്നത്. നാട്ടിൽ കോളിളക്കമുണ്ടാക്കിയ ആ കൊലപാതകം ഒരു നക്സലൈറ്റ് ആക്രമണമായി രാഷ്ടീയ ചരിത്രത്തിലിടം നേടി. ഒട്ടേറെ പേർ അറസ്റ്റിലായി. സംഭവത്തിൻ്റെ ഏക ദൃക്സാക്ഷിയായിരുന്ന, അന്ന് ആറോ ഏഴോ വയസ് മാത്രം പ്രായമുണ്ടായിരുന്ന, കൊല ചെയ്യപ്പെട്ടയാളിൻ്റെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപ്പട്ടിക തയ്യാറാക്കിയത്. കേസും വിചാരണയും മുറപോലെ നടന്നു. ചിലരെ വെറുതെ വിട്ടു. മറ്റ് ചിലരെ ജീവപര്യന്തം ശിക്ഷിച്ചു ജയിലിലടച്ചു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ എൻ്റെ നാടായ ആലപ്പുഴയിൽ കളപ്പുര വാർഡിലെ താമസക്കാരനായ സ്രാമ്പിക്കൽ മോഹനനെ കുട്ടിക്കാലം തൊട്ട് അറിയാം. ആലപ്പുഴയിലെ പ്രശസ്തമായ മഞ്ജുളാ ബേക്കറി ഉടമയുടെ അനന്തരവൻ. ആജാനബാഹുവെങ്കിലും പറ്റെ വെട്ടിയ മുടിയും രൂപഭാവങ്ങളും കൊണ്ട് കടുപ്പക്കാരനെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും കുട്ടികളുടെ മനസ്സുള്ള ഒരു ചെറുപ്പക്കാരൻ.
കയർ ഫാക്ടറി ഉടമയായിരുന്ന കൊല്ലപ്പെട്ടയാളുടെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംസാരിക്കാൻ കൊല നടന്നതിൻ്റെ തലേന്നാൾ മുതലാളിയെ കാണാൻ ചെന്ന സംഘത്തിൽ മോഹനന്റെ പെട്ടെന്ന് കണ്ണിൽ പെടുന്ന രൂപം ദൃക്സാക്ഷിയായ കുട്ടിയുടെ മനസ്സിൽ അവ്യക്തമായി പതിഞ്ഞിരുന്നതിനാൽ മോഹനൻ പ്രതിപ്പട്ടികയിൽ പെട്ടു എന്ന് വിശ്വസിക്കാനാണ് അയാളെ സ്നേഹിച്ചിരുന്ന നാട്ടുകാർക്ക് എന്നും ഇഷ്ടം. പരോൾ പോലും അനുവദിക്കപ്പെടാതെ മോഹനൻ പൂജപ്പുര സെൻട്രൽ ജയിലിൽ പാർക്കുന്ന കാലം. ഇടതു പക്ഷമാണ് ഭരണത്തിൽ. മോഹനൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും പരോളിനായി മുട്ടാത്ത വാതിലുകളില്ല. പലരും പല ന്യായങ്ങളും നിരത്തി ഒഴിഞ്ഞു.
ജി.കെ അന്ന് തിരുവനന്തപുരം നോർത്തിലെ MLA യാണ്. സൗഹൃദത്തിൻ്റെ പിൻബലത്തിൽ അദ്ദേഹത്തെ സമീപിച്ചു. സാധാരണ രാഷ്ട്രീയക്കാരൻ്റെ ഒഴികഴിവൊന്നും അദ്ദേഹം പറഞ്ഞില്ല. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത, താൻ വിശ്വസിക്കുന്ന ആശയസംഹിതയുമായി ബഹുദൂരം മാറ്റി സഞ്ചരിക്കുന്ന നക്സലൈറ്റ് എന്ന് മുദ്രകുത്തപ്പെട്ട സ്രാമ്പിക്കൽ മോഹനന് പരോൾ അനുവദിക്കാൻ ഒപ്പം നിന്നത് കോൺഗ്രസ്സ്കാരനായ ജി.കെയാണ്.
മോഹനനാകട്ടെ പരോൾ കഴിഞ്ഞ് ജയിലിൽ എത്തേണ്ട ദിവസം, സ്വന്തം കുഞ്ഞുങ്ങളെ വിട്ട് പിരിയേണ്ട നേരമെത്തിയതോടെ അതീവ നിരാശയോടെ സ്വയം കാറോടിച്ച് മരണത്തിലേക്ക് ഒറ്റ മുങ്ങാങ്കുഴിയിടൽ! താനേ ഉണ്ടായ അപകടമാണോ അതോ ആകുലപ്പെട്ട മനസ്സിൻ്റെ അപഥ സഞ്ചാരം വിളിച്ചു വരുത്തിയ മരണമാണോ എന്നത് ആർക്കും വ്യക്തമായില്ല. അടുത്ത ദിവസം പത്രവാർത്ത കണ്ട് വിളിച്ച് ജി.കെ ദുഃഖം രേഖപ്പെടുത്തി.
ജി.കെ സാംസ്കാരിക മന്ത്രിയായപ്പോൾ ഒപ്പം പ്രവർത്തിക്കാൻ മനസ്സ് കൊണ്ട് ഞാനാഗ്രഹിച്ചിരുന്നു. എനിക്ക് കൂടി നേരിട്ടറിയാവുന്ന ചില ഇടപെടലുകളാൽ അന്നത് നടന്നില്ല. അതേ മന്ത്രിസഭയുടെ കാലത്ത് തന്നെ, എ കെ ആൻ്റണി മാറി ഉമ്മൻ ചാണ്ടി വന്ന സമയത്ത് ജി.കെ പടിയിറങ്ങി. താമസംവിനാ എനിക്ക് സാംസ്ക്കാരിക വകുപ്പിലേക്ക് മാറ്റമായി. ഒരു സാംസ്ക്കാരിക സ്ഥാപനത്തിൻ്റെ ചുമതലയേറ്റയുടൻ ഞാൻ ആദ്യം പോയത് ജി.കെ യെ കാണാനാണ്.. അവിടെ എൻ്റെ മുൻഗാമിയായി കുറച്ചു കാലം ജോലി നോക്കിയ ആളുടെ നിയമ ലംഘനങ്ങളെപ്പറ്റി സെക്രട്ടേറിയറ്റ് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞ മുൻ മന്ത്രി ഇങ്ങനെ പറഞ്ഞു
“സുധക്കുട്ടി ധൈര്യമായി മുന്നോട്ട് പോകുക. ഒരു നാരങ്ങാ വെള്ളം പോലും ഞാൻ അവിടെ നിന്നും വാങ്ങി കുടിച്ചിട്ടില്ല. സ്ഥാപനത്തിന്റെ മേധാവിയെ പൂർണമായും വിശ്വസിക്കുകയും പിന്തുണ നൽകുകയും മാത്രമേ ചെയ്തിട്ടുള്ളൂ.”
അതെ അതായിരുന്നു സത്യം. സ്ഥാപന ചെയർമാൻ കൂടിയായ മന്ത്രി അംഗീകരിച്ച് ഒപ്പിട്ട മിനിട്ട്സിൽ പിന്നീട്ട് എഴുതി ചേർത്തതും മായ്ച്ച് കളഞ്ഞതുമായ ഏടുകൾ ഉദ്യോഗസ്ഥർ നടത്തുന്ന അധികാര ദുർവിനിയോഗത്തിന്റെ എത്രയെത്ര കഥകൾ പറഞ്ഞു തന്നു. ജി.കെ ഉദ്യോഗസ്ഥർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ഭരണാധികാരിയായിരുന്നു. സ്നേഹവും കരുതലും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. കലാകാരന്മാരെ ആദരിക്കുകയും കപടവേഷക്കാരെ തിരസ്കരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്ന സാംസ്കാരിക സമുച്ചയത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ നിന്നു ജി.കെ നേടിയെടുത്ത 2 കോടി രൂപ മാത്രമായിരുന്നു ഒരിക്കൽ മൂലധനമായുണ്ടായിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്, ജി.കെ യുടെ ഭരണകാലത്ത് സ്ഥാപനത്തിൻ്റെ സെക്രട്ടറിയായി ഞാനുണ്ടായിരുന്നെങ്കിൽ അതാ സ്ഥാപനത്തിന്റെ ശുക്രദശയായിരുന്നേനെ എന്ന്. ജീവനക്കാരുടെ അഭിപ്രായം എനിക്കുള്ള അംഗീകാരം എന്നതിനെക്കാൾ ജി.കെ എന്ന സാംസ്ക്കാരിക മന്ത്രിയിൽ അവർക്കുള്ളന്ന പ്രതീക്ഷയായാണ് ഞാൻ കണ്ടത്. ഒന്നിച്ച് ജോലി ചെയ്തിട്ടില്ലാത്തതിനാൽ അതേപ്പറ്റി ഒരഭിപ്രായം പറയാൻ ഞാനാളല്ല.
പിന്നീട് ഇടത് പക്ഷം ഭരണത്തിലേറിയപ്പോൾ സാംസ്ക്കാരിക മന്ത്രിയുടെ ഓഫീസിലെ ചില വാൽമാക്രികൾ വകുപ്പുമന്ത്രി അറിയാതെ എനിക്കെതിരെ ചില ഗൂഢനീക്കങ്ങൾ നടത്തുകയുണ്ടായി. ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃ സ്ഥാപനത്തിലേയ്ക്ക് തിരികെ പോകാൻ മനസ്സ് കൊണ്ട് ഞാൻ തയ്യാറെടുത്തിരുന്നു. അതാണല്ലോ കീഴ് വഴക്കം. അക്കാദമികൾ എല്ലാം പുന:സംഘടിപ്പിക്കപ്പെട്ടപ്പോഴും എന്നെ തൽസ്ഥാനത്ത് തന്നെ നിലനിർത്തുകയാണ് പുതിയ സർക്കാർ ചെയ്തത്. കസേര മോഹികളായ ചിലർക്കത് നിരാശയുണ്ടാക്കി.
എനിക്ക് നേരേ ഉന്നയിക്കാൻ ആരോപണങ്ങൾ ഒന്നും കിട്ടാതെ അവർ വലഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരെ രണ്ട് തട്ടിലാക്കി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അജണ്ടയായിരുന്നു അവർക്ക്. അതിന് അവലംബിച്ച മാർഗം എത്രയും നീചമായെന്ന് മാത്രം. കോൺഗ്രസിലെ ചില ഛോട്ടാ നേതാക്കളെ കൂട്ട് പിടിച്ച് വാലും തുമ്പുമില്ലാത്ത കേസുകൾ ചമച്ച് പോലീസിനെ കൊണ്ട് അവരെ വേട്ടയാടി തദ്വാരാ എന്നെ മുട്ടുകുത്തിക്കാനായിരുന്നു ഭരണകക്ഷിയിലെ ചില വേതാളങ്ങളുടെ ഉദ്ദേശ്യം. അവർ വിതച്ച നുണകളുടെ കള പറിച്ചു കളയാൻ ഞാൻ ആശ്രയിച്ചത് പ്രതിപക്ഷത്തുള്ള ജി.കെ യെയാണ്. അദ്ദേഹം ഫലപ്രദമായി ഇടപെട്ട് കേസുകൾ ഒതുക്കിയത് നന്ദിയോടെ ഓർക്കുന്നു.
ജി.കെ എന്നന്നേക്കുമായി “അഭയം” കയ്യൊഴിഞ്ഞ് പോയിക്കഴിഞ്ഞ് ഒരു ദിവസം ടീച്ചർ എന്നോട് പറഞ്ഞു. “ഈ ദൈവങ്ങൾ മഹാ അസൂയക്കാരാണ്. ഞാനിനി ഇവരെയൊന്നും തൊഴുകയില്ല. ചേട്ടനാണ് ഇവരെ വിശ്വസിച്ചിരുന്നത്. ചേട്ടന് വേണ്ടി ഞാനും….”
ചില വാക്കുകൾക്ക് ചില നേരങ്ങളിൽ എത്രയെത്ര അർത്ഥഭേദങ്ങളാണ്, ല്ലേ ?
ജി.കെ യുടെ മൃതദ്ദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ദിവസം മാധ്യമ പ്രവർത്തകർക്ക് സൗകര്യം ഒരുക്കാൻ വകുപ്പ് പ്രതിനിധിയായി അവിടെ എത്താനുള്ള നിയോഗവും എനിക്കുണ്ടായി. പരിചിതമുഖങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ അകലെ ഒരിടത്ത് മാറി നിന്ന് ആ രംഗങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചു.
ഓർമകൾക്ക് മേൽ മരണം എത്ര ദുർബ്ബലമാണ്!!