നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ശീതകാല വിമാനസർവീസ് സമയ പട്ടികയായി. നാളെ മുതൽ മാർച്ച് 26 വരെയാണു കാലാവധി. പുതിയ പട്ടികയിൽ ആഭ്യന്തര സെക്ടറിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായി ആഴ്ചയിൽ 694 സർവീസ് ഉണ്ട്. ദിവസവും ഏതാണ്ട് 100 വിമാനങ്ങൾ. നിലവിൽ ആഴ്ചയിൽ 456 സർവീസാണ് ഉള്ളത്. രാജ്യാന്തര ടെർമിനലിൽ ദിവസവും 108 വിമാനങ്ങൾ വരികയും പോകുകയും ചെയ്യുന്നുണ്ട്.
ആഭ്യന്തര സെക്ടറിൽ കോവിഡിനു മുൻപുള്ളതിലെ ഏതാണ്ട് 90 ശതമാനം സർവീസുകളും പുനഃസ്ഥാപിച്ചു. രാജ്യാന്തര സെക്ടറിൽ വിദേശ സർവീസുകൾക്കുള്ള നിയന്ത്രണം നീങ്ങുന്നതോടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയും. ഇപ്പോൾ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ മാത്രമാണ് ഉള്ളത്. പ്രതിദിനം 146 രാജ്യാന്തര സർവീസുകൾ ആണ് കോവിഡ് ലോക്ഡൗണിന് മുൻപു കൊച്ചിയിൽ നിന്ന് ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്ന് ഇൻഡിഗോ നടത്തിയിരുന്ന തിരുവനന്തപുരം, ഗോവ, കണ്ണൂർ പ്രതിദിന സർവീസുകൾ പുതിയ പട്ടിക പ്രകാരം പുനരാരംഭിക്കുന്നുണ്ട്. ഗോവയിലേക്കുള്ള വിമാനം രാത്രി 11.10നു കൊച്ചിയിൽ നിന്നു പുറപ്പെടും. കണ്ണൂരിൽ നിന്ന് ഇൻഡിഗോ സർവീസ് നടത്തുന്ന എടിആർ വിമാനം 9.25നു കൊച്ചിയിലിറങ്ങി 9.45നു തിരുവനന്തപുരത്തേക്കു പുറപ്പെടും.
തിരുവനന്തപുരം-കൊച്ചി-കണ്ണൂർ സെക്ടറിൽ ഇൻഡിഗോ മറ്റൊരു എടിആർ വിമാന സർവീസ് കൂടി ആരംഭിക്കുന്നുണ്ട്. ഇതു തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.25 നു കൊച്ചിയിൽ എത്തി 6.45 നു കണ്ണൂരിലേക്കു പുറപ്പെടും. ബെംഗളുരുവിലേക്കാണ് ഇവിടെ നിന്ന് ഏറ്റവും കൂടുതൽ സർവീസുകൾ–14. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കു പ്രതിദിനം 6 വിമാനങ്ങൾ വീതവും ഹൈദ്രാബാദിലേക്കും മുംബൈയിലേക്കും 7 സർവീസുകൾ വീതവുമുണ്ട്.ഹൂബ്ലി, കൊൽക്കത്ത, മൈസൂർ, പുണെ തുടങ്ങിയ നഗരങ്ങളിലേക്കുമുള്ള സർവീസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കൊച്ചിയിലെ വ്യോമഗതാഗതം സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിക്കുന്നതായി സിയാൽ എംഡി എസ്.സുഹാസ് പറഞ്ഞു. ഇൻഡിഗോ ആണ് കൊച്ചിയിൽ നിന്ന് ഏറ്റവും അധികം സർവീസുകൾ നടത്തുന്നത്. പുതിയ പട്ടികയിൽ ഇൻഡിഗോയുടെ സർവീസുകൾ ആഴ്ചയിൽ 172 ആയി ഉയരും. എയർ ഏഷ്യ, എയർ ഇന്ത്യ, ഗോ എയർ എന്നിവയും സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്.