മുട്ടം ∙ പെരുമറ്റത്തെ അപകടക്കുഴി ഒട്ടേറെ പേരെ അപകടത്തിലാക്കി. ഇറക്കത്തിലെ അപ്രതീക്ഷിതമായ കുഴി വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കാണാനാകൂ. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ പെരുമറ്റത്തിനു സമീപം റോഡിന്റെ നടുവിലെ ഒറ്റപ്പെട്ട കുഴിയാണിത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും വലിയ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതു പതിവാണ്.
മഴ മൂലം വെള്ളം നിറഞ്ഞു കിടക്കുന്നതിൽ ഡ്രൈവർമാർക്കു കുഴി തിരിച്ചറിയാൻ സാധിക്കാറില്ല. സാമാന്യം ഭേദപ്പെട്ട റോഡിലെ ഒറ്റപ്പെട്ട കുഴി നികത്തി ടാർ ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം. ഒരിക്കൽ ഈ കുഴി അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.