ഈരാറ്റുപേട്ട ∙ പ്ലാസ്റ്റിക് സംഭരണത്തിനു ലക്ഷങ്ങൾ മുടക്കുമ്പോഴും പ്രളയ ജലത്തിലൂടെ ഒഴുകിയെത്തിയത് പ്ലാസ്റ്റിക് കൂമ്പാരം. 2018 മുതലുള്ള പ്രളയത്തിനു ശേഷമാണ് മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചു ചർച്ചകൾ തുടങ്ങിയത്. ആറിന്റെ തീരത്തുള്ള മരങ്ങളിൽ തോരണം പോലെ പ്ലാസ്റ്റിക് അടിഞ്ഞതോടെ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിനായി പ്രവർത്തനങ്ങൾ തുടങ്ങി. ഹരിത കർമസേന രൂപീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങി. പ്രധാന ജംക്ഷനുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. വീടുകളിൽ പ്ലാസ്റ്റിക് ശേഖരിച്ചു വച്ച് അവ ഹരിത കർമ സേനയ്ക്കു കൈമാറുന്ന പദ്ധതി വിജയവുമായിരുന്നു. എന്നിട്ടും ഇക്കഴിഞ്ഞ പ്രളയത്തിൽ മീനച്ചിലാറ്റിലൂടെയും കൈവഴികളിലൂടെയും ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യത്തിനു യാതൊരു കുറവും സംഭവിച്ചില്ല. ടൺ കണക്കിനു മാലിന്യം സംസ്കരിച്ചെങ്കിലും അതിൽ കൂടുതൽ ഒഴുകിയെത്തി. പ്ലാസ്റ്റിക് മാലിന്യം ഇത്രയും സംസ്കരിച്ചിട്ടും അതിലേറെ മാലിന്യം ഒഴുകിയെത്തിയെങ്കിൽ ഇതിന്റെ ഉറവിടത്തെക്കുറിച്ചും പഠനം നടത്തണം. പ്ലാസ്റ്റിക് സംസ്കരണം ഇപ്പോൾ നടക്കുന്നതിലും കൂടുതലായി നടത്തണമെന്നാണ് ഈ മാലിന്യങ്ങൾ പഠിപ്പിക്കുന്നത്.